ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ നട്ടം തിരിയുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമേകി യു എ ഇ ആരോഗ്യമന്ത്രാലയം അവശ്യ മരുന്നുകളുടെ വില കുറച്ചു. 280 അവശ്യ മരുന്നുകളുടെ വിലയാണ് മന്ത്രാലയം കുറച്ചത്.

ഫെബ്രുവരി ഒന്നുമുതൽ വിലക്കുറവ് നിലവിൽ വരും. ജീവിതശൈലീ രോഗങ്ങളായ രക്തസമ്മർദം, പ്രമേഹം, പൊണ്ണത്തടി, കൊളസ്‌ട്രോൾ തുടങ്ങിയവക്കുള്ള മരുന്നുകളുടെ വിലയാണ് പ്രധാനമായും കുറയുക. 55 ശതമാനം വരെയാണ് യുഎഇ ആരോഗ്യ മന്ത്രാലയം അവശ്യ മരുന്നുകളുടെ വിലകുറവ് പ്രഖ്യാപിച്ചത്.

ഇത് അഞ്ചാം തവണയാണ് മന്ത്രാലയം അവശ്യ മരുന്നുകൾക്ക് വിലക്കുറവ് പ്രഖ്യാപിക്കുന്നത്. പുതിയ പ്രഖ്യാപനം വഴി 280 മരുന്നുകളുടെ വില ആറ് മുതൽ 55 ശതമാനം വരെ കുറയും. പരമ്പരാഗത മരുന്നുകൾ, ഹെർബൽ മരുന്നുകൾ, ബയോളജിക്കൽ ഫുഡ് സപ്ലിമെന്റുകൾ എന്നിവക്കെല്ലാം വിലക്കുറവ് ബാധകമായിരിക്കുമെന്ന് ഡോക്ടർ അമീൻ അൽ അമീരി പറഞ്ഞു.