ന്യൂഡൽഹി: ടുജി സ്‌പെക്ട്രം അഴിമതി കേസിൽ സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും. ഇന്ത്യയിൽ രാഷ്ട്രീയ ചുവടു മാറ്റത്തിന് കളമൊരുക്കിയ കേസിന്റെ വിധി കോൺഗ്രസിന് നിർണ്ണായകമാകും. ഡൽഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി രാവിലെ പത്തരയ്ക്ക് വിധി പറയും. മുൻ കേന്ദ്ര വാർത്താവിതരണമന്ത്രി എ.രാജ, ഡിഎംകെ എംപി. കനിമൊഴി തുടങ്ങിയവരും റിലയൻസ് ഉൾപ്പെടെയുള്ള വൻകിട സ്വകാര്യ ടെലികോം കമ്പനികളുമാണ് പ്രതിപ്പട്ടികയിൽ.

യുഎസിലെ വാട്ടർഗേറ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിക്കേസെന്ന് ടൈം മാഗസിൻ വിശേഷിപ്പിച്ച കേസിലെ തിരിച്ചടിയിൽ നിന്നും ഇനിയും കരകയറാനാവാത്ത കോൺഗ്രസിന് ഇന്നത്തെ വിധി നിർണ്ണായകമാകും. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദം എന്നാണ് 2011-ൽ പ്രധാനമന്ത്രി മന്മോഹൻസിങ് അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്. 122 2 ജി സ്പെക്ട്രം ലൈസൻസുകൾ അനുവദിച്ചതിൽ 30,988 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയെന്നാണ് സിബിഐ കേസ്.എ.രാജ, ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, മകൾ കനിമൊഴി എന്നിവരാണ് വിചാരണ നേരിട്ടത്.

ഡിഎംകെ നേതാക്കളാണ് പ്രതികളെങ്കിലും ഇന്നും കോൺഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ് ഈ അഴിമതികേസ്. 2009-ൽ വീണ്ടും അധികാരത്തിലെത്തിയ മന്മോഹൻസിങ് സർക്കാർ രണ്ടുവർഷത്തിനുള്ളിൽ വൻജനരോഷം നേരിട്ടു. പാർലമെന്റ് തുടർച്ചയായി തടസ്സപ്പെടുന്ന സാഹചര്യവും ഉണ്ടായി. നരേന്ദ്ര മോദിക്ക് 2014-ൽ അധികാരത്തിലെത്താനുള്ള ഊർജ്ജമാണ് സ്‌പെക്ട്രം അഴിമതി പകർന്നത്.

അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും നയിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് വൻ ജനപിന്തുണ കിട്ടി. ആം ആദ്മി പാർട്ടിയുടെ പിറവിക്കും ഈ പ്രക്ഷോഭം വഴിവച്ചു. 2011 നവംബർ 11 ന് ആരംഭിച്ച വിചാരണ 2017 ഏപ്രിൽ 19 നായിരുന്നു പൂർത്തിയായത്. 1.76 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്.