റോത്തക്: ദേശീയ സീനിയർ സ്‌കൂൾ അത്ലറ്റിക്‌സിൽ കേരളം കിരീടം ഉറപ്പിച്ചു. ഒന്നാം ദിനവും രണ്ടാം ദിനവും കിതച്ചു നിന്ന കേരളം മൂന്നാം ദിനം ആവേശത്തോടെ കുതിച്ചു കയറി കിരീടം ഉറപ്പിക്കുക ആയിരുന്നു. മൂന്നാം ദിനം മുതൽ സ്വർണ്ണ വേട്ട തുടങ്ങിയ കേരളത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വർണവും ഒരു വെള്ളിയും നേടിയാണ് നിലവിലെ ചാംപ്യന്മാർ കിരീടം ഉറപ്പിച്ചത്. കേരളത്തിന് ഇപ്പോൾ 80 പോയന്റുണ്ട്. പോയിന്റ് നിലയിൽ ഹരിയാനയ്ക്കു മറികടക്കാൻ കഴിയാത്ത ഉയരത്തിലാണു കേരളം. തുടർച്ചയായ 20ാം തവണയാണു സംസ്ഥാനം കിരീടം നേടുന്നത്.

1,500 മീറ്ററിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കേരളം സ്വർണമണിഞ്ഞു. പെൺകുട്ടികളിൽ അനുമോൾ തമ്പിയും ആൺകുട്ടികളിൽ ആദർശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. പെൺകുട്ടികളിൽ കേരളത്തിന്റെ കെ.ആർ. ആതിര വെള്ളി നേടി. ആൺകുട്ടികളുടെ 200 മീറ്ററിൽ കേരളത്തിന്റെ അശ്വിൻ ബി. ശങ്കറും രണ്ടാമതെത്തി. 4ഃ400 റിലെയിൽ കേരളത്തിൽ ആൺകുട്ടികൾ വെള്ളി നേടി.

ഇന്നലെ മൂന്നു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഈ കുതിപ്പിൽ കേരളം ചേർത്തുവച്ചു. ഇന്നലെ 64 പോയിന്റായിരുന്നു കേരളം നേടിയത്. ഹരിയാനയ്ക്കു 53 പോയിന്റും തമിഴ്‌നാടിന് 30 പോയിന്റുമാണുള്ളത്.