- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ഭയപ്പെടുത്തി കോവിഡ് വ്യാപനം; മൂന്ന് ലക്ഷവും കടന്ന് പിടിവിട്ട് കേസുകൾ; ലോകത്തെ ഏറ്റവും വലിയ പ്രതിദിന വർധനവ്; മൂന്നേകാൽ ലക്ഷത്തിലേക്ക് കോവിഡ് ഉയർന്നത് 17 ദിവസം കൊണ്ട്; കോവിഡ് മരണങ്ങളും കുത്തനെ ഉയരുമ്പോൾ ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കേണ്ട അവസ്ഥയിൽ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധി ഏവരെയും ആശങ്കപ്പെടുത്തും വിധത്തിൽ മുന്നോട്ടു പോകുന്നു. പ്രതിദിന കോവിഡ് കണക്കിൽ മറ്റേതു രാജ്യത്തെയും കടത്തിവെട്ടിയിരിക്കയാണ് ഇന്ത്യ. 3.15 ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസിലെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്കുയരാൻ മൂന്നുമാസമെടുത്തപ്പോൾ ഇന്ത്യയിലെ കേസുകൾ വെറും 17 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷത്തിലേക്കുയർന്നത്.
3,15,660 പുതിയ കോവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2102 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം ആരംഭിക്കുമ്പോൾ അരലക്ഷത്തിന് മുകളിലായിരുന്ന കോവിഡ് കേസുകൾ കുതിച്ചുയർന്നാണ് ഇപ്പോൾ മൂന്ന് ലക്ഷത്തെത്തൊടുന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,59,24,914 ആയി. 1,84,662 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 67,468 പേർ കോവിഡ് രോഗബാധിതരായി. ഉത്തർ പ്രദേശിൽ ഇന്നലെ മാത്രം 33,214 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24,638 പേരും കേരളത്തിൽ 22,414 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി. രാജ്യത്തെ 100 പേരിൽ 19 പേരും രോഗബാധിതരാണ് എന്ന നിരക്കിലാണ് രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത്. അതിനിടെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം വാക്സിൻ, ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതും പ്രതിസന്ധിയാകുന്നുണ്ട്.
മഹാരാഷ്ട്രയിൽ ഇന്നലെ 568 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ കോവിഡ് മൂലം 249 മരണങ്ങളും ഉത്തർ പ്രദേശിൽ 187 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഢിൽ 193 പേരും ഗുജറാത്തിൽ 125 പേരും കർണാടകയിൽ 116 പേരും മധ്യപ്രദേശിൽ 75 പേരും കഴിഞ്ഞ ദിവസം കോവിഡ് മൂലം മരണത്തിന് കീഴടങ്ങി. 16,39,357 സാമ്പിളുകളാണ് രാജ്യത്ത് ആകെ കഴിഞ്ഞ ദിവസം പരിശോധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ