ബാലുശ്ശേരി: കള്ളനോട്ടു നിർമ്മാണ കേസിൽ മൂന്നംഗ സംഘം പൊലീസ് പിടിയിലായി. എറണാകുളം വൈറ്റില തെങ്ങുമ്മൽ വിൽബർട്ട് (43), ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ് (മുത്തു45), നല്ലളം താനില വൈശാഖ് (24) എന്നിവരെയാണു സിഐ കെ.സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസ് റോഡിലുള്ള രാജേഷിന്റെ ഇരുനില വീട്ടിലായിരുന്നു കള്ളനോട്ട് നിർമ്മാണം.

ജയിൽ വാസത്തിനിടെ സൗഹൃദത്തിലായ മൂവർ സംഘം ജാമ്യം കിട്ടി പുറത്തിറങ്ങിയതോടെ കള്ളനോട്ടടി തൊഴിലായി തിരഞ്ഞെടുക്കുക ആയിരുന്നു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിർമ്മിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങളായി ഇവർ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കള്ളനോട്ട് നിർമ്മാണത്തിന്റെ ബുദ്ധികേന്ദ്രം വിൽബർട്ടായിരുന്നു. ഇയാളാണു പ്രിന്റിങ് മെഷീൻ, വിവിധ തരം മഷികൾ, നോട്ടിന്റെ വലുപ്പമുള്ള കടലാസുകൾ എന്നിവ സംഘടിപ്പിച്ചത്.

നോട്ടടിക്കാൻ പാകത്തിലുള്ള 200 എണ്ണം വീതമുള്ള കടലാസുകളുടെ 76 കെട്ടുകൾ, നിർമ്മിച്ച കള്ളനോട്ടുകൾ, മറ്റു സാമഗ്രികൾ എന്നിവ പൊലീസ് കണ്ടെടുത്തു. പിടികൂടിയ രാസസംയുക്തങ്ങൾ ഫൊറൻസിക് സംഘം പരിശോധിച്ചു. മാനിനെ വേട്ടയാടി ഇറച്ചി വിൽപന നടത്തിയ കേസിൽ നേരത്തേ രാജേഷ് വനപാലകരുടെ പിടിയിലായിരുന്നു. ഈ കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുമ്പോഴാണു രാജേഷ് കള്ളനോട്ട് കേസിൽ മലപ്പുറത്തു നിന്നു പിടിയിലായ പ്രതി വിൽബർട്ടും ബോംബേറ് കേസിലെ പ്രതി വൈശാഖുമായി പരിചയത്തിലാകുന്നത്.

രാജേഷിന്റെ രണ്ട് നില വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലായിരുന്നു കള്ളനോട്ട് നിർമ്മാണത്തിനായി ഒരുക്കങ്ങൾ നടത്തിയത്. മുറി നിറയെ കള്ളനോട്ട് നിർമ്മാണത്തിനു വേണ്ട സാമഗ്രികളായിരുന്നു. കള്ളനോട്ട് പ്രിന്റ് എടുക്കുന്ന രീതി വിൽബർട്ട് പൊലീസിനു കാണിച്ചുകൊടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു സിഐ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്കെത്തിയത്. എഎസ്‌ഐമാരായ കെ.എസ്.ശിവദാസൻ, സുധാകരൻ, കെ.സി.പൃഥ്വീരാജ്, സി.സുരേഷ്, സീനിയർ സിപിഒ ശ്രീജ തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.