- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ എൻആർഐ അക്കൗണ്ടിൽ തിരഞ്ഞെടുപ്പിന് മുമ്പ് ലക്ഷങ്ങൾ ഒഴുകിയെത്തി; ഗവർണറുടെ മുന്നിൽ 32 ലക്ഷം പറഞ്ഞ വസ്തുവിനു തിരഞ്ഞെടുപ്പു കാലത്ത് വില 11 ലക്ഷം; മൂന്നു കേസിൽ വിചാരണ നേരിട്ട് കെ സി ജോസഫ്; ജയശങ്കറും ഹരീഷ് വാസുദേവനും വാദിക്കുമ്പോൾ മുൻ മന്ത്രിക്ക് അടിപതറുമോ?
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനും തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപിക്കപ്പെടുന്നതിന് ചട്ടലംഘനം നടത്തിയതിനുമായി മൂന്നു വ്യത്യസ്ത കേസുകളിൽ വിചാരണ നേരിടുന്ന മുന്മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കെസി ജോസഫിന് ഇക്കുറി അടിപതറുമോ? ബാബുവിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ക്ഷീണത്തിലിരിക്കുന്ന കോൺഗ്രസിന് മുതിർന്ന നേതാവായ കെസി ജോസഫിന്റെ പരാജയം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഏറെ ആശയക്കുഴപ്പങ്ങളുണ്ടായ ഇരിക്കൂറിൽ നിന്ന് എല്ലാ എതിർപ്പുകളും മറികടന്നാണ് എട്ടാംതവണയും ജോസഫ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയും എംഎൽഎയാകുകയും ചെയ്തത്. യൂത്ത് കോൺഗ്രസുകാരുടെ വലിയ എതിർപ്പുണ്ടായിട്ടും ജോസഫിന് ഇക്കുറി സ്ഥാനാർത്ഥിത്വം ലഭിക്കുകയായിരുന്നു. മകന്റെ പേരിലുള്ള എൻആർഐ അക്കൗണ്ടിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കാലത്ത് ലക്ഷങ്ങൾ വന്നതിനെപ്പറ്റിയുള്ള പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ കഴിഞ്ഞ് അന്വേഷണം പൂർത്തിയായി തലശ്ശേരി വിജ

തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനും തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപിക്കപ്പെടുന്നതിന് ചട്ടലംഘനം നടത്തിയതിനുമായി മൂന്നു വ്യത്യസ്ത കേസുകളിൽ വിചാരണ നേരിടുന്ന മുന്മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കെസി ജോസഫിന് ഇക്കുറി അടിപതറുമോ? ബാബുവിനെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ക്ഷീണത്തിലിരിക്കുന്ന കോൺഗ്രസിന് മുതിർന്ന നേതാവായ കെസി ജോസഫിന്റെ പരാജയം വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഏറെ ആശയക്കുഴപ്പങ്ങളുണ്ടായ ഇരിക്കൂറിൽ നിന്ന് എല്ലാ എതിർപ്പുകളും മറികടന്നാണ് എട്ടാംതവണയും ജോസഫ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയും എംഎൽഎയാകുകയും ചെയ്തത്. യൂത്ത് കോൺഗ്രസുകാരുടെ വലിയ എതിർപ്പുണ്ടായിട്ടും ജോസഫിന് ഇക്കുറി സ്ഥാനാർത്ഥിത്വം ലഭിക്കുകയായിരുന്നു.
മകന്റെ പേരിലുള്ള എൻആർഐ അക്കൗണ്ടിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കാലത്ത് ലക്ഷങ്ങൾ വന്നതിനെപ്പറ്റിയുള്ള പരാതിയിൽ വിജിലൻസ് ക്വിക് വെരിഫിക്കേഷൻ കഴിഞ്ഞ് അന്വേഷണം പൂർത്തിയായി തലശ്ശേരി വിജിലൻസ് കോടതിയിൽ വിചാരണ നടക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന ജോസഫിന് ഇവിടെ അടിപതറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജോസഫിനെതിരെ ഇരിക്കൂറിൽ നിന്ന് മത്സരിച്ച എ കെ ഷാജിയാണ് കേസ് നൽകിയിരിക്കുന്നത്.
ജോസഫ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഷാജി തന്നെ നൽകിയ മറ്റൊരു കേസ് ഹൈക്കോടതിയിലും ജോസഫിനെതിരെയുണ്ട്. സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി ആർപി ആക്റ്റ് പ്രകാരം നൽകിയ മറ്റൊരു കേസ് കണ്ണൂർ മുൻസിഫ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
ഇതിൽ സ്വത്തുസമ്പാദനത്തെ പറ്റിയുള്ള കേസിൽ ജോസഫിന്റെ നില പരുങ്ങലിലാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ജയശങ്കർ, അഡ്വ. ഹരീഷ് വാസുദേവൻ എന്നിവർ മുഖേനയാണ് ഷാജി ഹൈക്കോടതിയിൽ രണ്ടാമത്തെ കേസ് നൽകിയിട്ടുള്ളത്. ഇതിനുപുറമെയാണ് ഇതേ സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകിയത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കോടതിയിൽ മൂന്നാമത്തെ കേസിലും വിചാരണ നടക്കുന്നത്.
മകന്റെ എൻആർഐ അക്കൗണ്ടിൽ ലക്ഷങ്ങൾ വന്നതെങ്ങനെ?
എതിർ സ്ഥാനാർത്ഥിയായിരുന്ന ഷാജി നൽകിയ പരാതി അന്വേഷിച്ച വിജിലൻസ് ക്വിക് വെരിഫിക്കേഷൻ നടത്തി അനധികൃത സ്വത്തുസമ്പാദനത്തിന് കെ. സി ജോസഫിനെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസിന്റെ വിചാരണ തൃശൂർ വിജിലൻസ് കോടതിയിൽ പൂർത്തിയായി. വിധി ഈ മാസം 30ന് പ്രഖ്യാപിക്കും. ബാബുവിനെതിരെ കടുത്ത നീക്കവുമായി മുന്നോട്ടുപോയ വിജിലൻസ് ജോസഫിന്റെ കേസിലും ശക്തമായ വാദങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. 2011 മാർച്ച് 24ന് ജോസഫ് നൽകിയ സത്യവാങ്മൂലത്തിൽ കുടുംബത്തിന്റെ ആസ്തി 16,97,000 രൂപയാണ് കാണിച്ചിരുന്നത്.
എന്നാൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 28ന് നൽകിയ സത്യവാങ്മൂലത്തിൽ 1,32,69,578 രൂപയാണ് സ്വത്തായി കാണിച്ചിട്ടുള്ളത്. മന്ത്രിയായിരിക്കെ ജോസഫ് സമ്പാദിച്ച പണത്തിനും ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ഇദ്ദേഹത്തിന്റെ പത്‌നിക്കു ലഭിച്ച സമ്പാദ്യത്തിനും കണക്കുണ്ടെന്നിരിക്കെ ഇതിൽ കവിഞ്ഞ സ്വത്ത് ഈ അഞ്ചുവർഷക്കാലത്ത് ജോസഫിന് ലഭിച്ചുവെന്നായിരുന്നു പരാതി.

ഇതിനു പുറമെ മകന്റെ എൻആർഐ അക്കൗണ്ടിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലക്ഷങ്ങൾ എത്തിയതിനെപ്പറ്റിയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പത്തുദിവസം മുമ്പു മുതൽ ഇലക്ഷൻ പ്രചരണം തീരുന്നതുവരെയുള്ള കാലത്ത് 58,60,000 രൂപ ഈ അക്കൗണ്ടിൽ വന്നിരുന്നതായാണ് പരാതിയിൽ പറയുന്നത്.
ഇതിന്റെ സ്രോതസ് വിജിലൻസ് പരിശോധിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. മകൻ അനൂപ് ജോസഫിന് കുവൈറ്റിലാണ് ജോലിയെന്നാണ് ജോസഫ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതും തെറ്റായ വിവരമായിരുന്നുവെന്നാണ് ഹർജിക്കാരന്റെ പക്ഷം. സൗദിയിലായിരുന്നു അനൂപ് മുമ്പ് ജോലി ചെയ്തിരുന്നത്. നിലവിൽ ജോലിയൊന്നുമില്ല.
സൗദിയിലെ അൽഹജ് ഗ്രൂപ്പിൽ നിന്ന് അഞ്ചുലക്ഷം രൂപ വന്നത് മകന്റെ കണക്കിൽ പെടുത്താമെങ്കിലും ഈ എൻആർഐ അക്കൗണ്ടിൽ എത്തിയ ബാക്കി പണം തിരുവനന്തപുരത്ത് പട്ടത്തെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുമാണ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളിലും കൃത്യമായ മറുപടി നൽകാനായില്ലെങ്കിൽ വിധി ജോസഫിന് പ്രതികൂലമാകുമെന്നാണ് വിലയിരുത്തൽ. വിചാരണ പൂർത്തിയായ കേസ് കോടതി ഈമാസം 30ന് വിധിപറയാൻ മാറ്റി.
29 അക്കൗണ്ടുള്ളപ്പോൾ ഏഴ് അക്കൗണ്ടുകളുടെ വിവരം മാത്രം നൽകിയതെന്തിന്?
തനിക്കെതിരായ ക്രിമിനൽ വിവരങ്ങൾ, സ്വത്തുക്കൾ, ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, മേൽവിലാസം തുടങ്ങിയവ തെറ്റായി നൽകിയാൽ അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് നരേന്ദ്ര മോദിക്കെതിരെ ആംആദ്മി നൽകിയ കേസിന്റെ വിചാരണവേളയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിൽ ജോസഫിനെതിരെ പ്രമുഖ അഭിഭാഷകരായ ജയശങ്കർ, ഹരീഷ് വാസുദേവൻ എന്നിവർ മുഖേന ഷാജി രണ്ടാമത്തെ ഹർജി നൽകിയിട്ടുള്ളത്. മേൽപറഞ്ഞ വിവരങ്ങൾ തെറ്റായി നൽകിയാൽ അത് വോട്ടറെ സ്വാധീനിക്കുംവിധം മനപ്പൂർവം നൽകിയതാണെന്ന് കണക്കാക്കാമെന്ന സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നൽകിയ വിലാസമായി ജോസഫ് കാണിച്ചിരിക്കുന്നത് ശ്രീകണ്ഠാപുരത്ത് കോൺഗ്രസ് ഓഫീസിന്റെ വിലാസമാണ്. കോട്ടയത്ത് സ്ഥിരതാമസക്കാരനായ ജോസഫ് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി കെട്ടിടനമ്പർ പോലും നൽകാത്ത, നിർമ്മാണം പൂർത്തിയാകാത്ത ഒരു കെട്ടിടം സ്ഥിരംമേൽവിലാസമായി നൽകിയത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന വാദമാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

അതുപോലെ ഏഴ് അക്കൗണ്ടുകളാണ് തനിക്കുള്ളതെന്നാണ് ജോസഫ് പറഞ്ഞിരുന്നത്. എന്നാൽ ജോസഫിന് 29 അ്ക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ചത് കോടിക്കുമുകളിൽ ആസ്തിയുള്ളയാൾ എന്ന നിലയിൽ വാർത്തകൾ വന്നാൽ അത് തിരഞ്ഞെടുപ്പുകാലത്ത് ക്ഷീണമാകുമെന്നത് മുന്നിൽ കണ്ട് മനപ്പൂർവം ചെയ്തതാണെന്നാണ് മറ്റൊരു ആരോപണം. തനിക്ക് 96 ലക്ഷം രൂപയാണ് ആസ്തിയെന്ന നിലയിൽ കാണിക്കുന്നതിനാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് ഹർജിക്കാരൻ പറയുന്നത്.
അതുപോലെ സ്വത്തുവിവരം നൽകിയപ്പോൾ ഒരു കെട്ടിടത്തിന് വില കുറച്ചുകാണിച്ചെന്ന ആക്ഷേപവും തെളിവുകൾ സഹിതം ഉന്നയിക്കുന്നുണ്ട്. ഒമ്പതുലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി 17 ലക്ഷത്തോളം മുടക്കി നിർമ്മിച്ച കെട്ടിടത്തിന് ചുരുങ്ങിയത് 26 ലക്ഷം രൂപ മൂല്യം കാണിക്കേണ്ടിടത്ത് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിൽ 11 ലക്ഷം രൂപയേ മൂല്യം കാണിച്ചിട്ടുള്ളൂ.
2013ൽ മന്ത്രിയായിരിക്കെ സ്വത്ത് വെളിപ്പെടുത്തിക്കൊണ്ട് ഗവർണർക്ക് നൽകിയ സാക്ഷ്യപത്രത്തിൽ ഇതിന് 32 ലക്ഷം രൂപ മൂല്യമായി കാണിച്ചിരുന്നതായും ഹർജിക്കാരൻ ആരോപിക്കുന്നു. ഈ മൂന്ന് ആരോപണങ്ങളിൽ ഏതെങ്കിലും തെളിയിക്കപ്പെട്ടാൽ ജോസഫിന്റെ തിരഞ്ഞെടുപ്പ് അസാധുവാകാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഈ മാസം 19നാണ് ഇതിന്റെ വാദം തുടങ്ങുക.
സത്യവാങ്മൂലത്തിൽ തെറ്റായി വിവരം നൽകിയത് ക്രിമിനൽ കുറ്റം
കണ്ണൂർ മുൻസിഫ് കോടതി പരിഗണിക്കുന്ന മൂന്നാമത്തെ കേസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമർപ്പിച്ച് വിവരങ്ങളെ പറ്റി തന്നെയാണ്. തെറ്റായി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ്. ആർപി ആക്റ്റ് 125 എ പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസാവാമിതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു.
നോട്ടറിയെക്കൊണ്ട് അറ്റസ്റ്റുചെയ്യിച്ച് നൽകുന്ന സത്യവാങ്മൂലത്തിൽ തെറ്റായി വിവരങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണെന്ന് വാദമുയർത്തിയാണ് പരാതി. തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ എണ്ണം തെറ്റായി കാണിച്ചതും വിലാസം തെറ്റായി നൽകിയതുമെല്ലാം ക്രിമിനൽ കുറ്റങ്ങളായി പരിണഗിക്കാമെന്ന വാദമുയർത്തിയാണ് പരാതി.
ഈ പരാതിയിലും വാദം പൂർത്തിയായി ഈ മാസം 30ന് വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്. സത്യവാങ്മൂലത്തിൽ തെറ്റായ വിവരം നൽകുകയോ വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിനെതിരെയുള്ള പരാതിയിൽ ജോസഫിനെതിരെ വിധി വന്നാൽ അത് കേസുകളുടെ ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്യും.
ഇത്തരത്തിൽ മൂന്നു കേസുകളിൽ രണ്ടെണ്ണത്തിൽ വിചാരണ പൂർത്തിയായതിൽ വിധി എതിരാവുമോ എന്ന അങ്കലാപ്പിലാണ് കോൺഗ്രസ് നേതൃത്വമെന്നാണ് സൂചന. മുൻ മന്ത്രി ബാബുവിനെതിരെ വിജിലൻസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമ്പോൾ മറ്റൊരു മുന്മന്ത്രിക്കെതിരെ കോടതിവിധി വരുന്നത് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ.

