പട്‌ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചു. ഗോപാൽഗഞ്ച് സ്വദേശികളാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേർ ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗോപാൽഗഞ്ചിലെ സദാർ ആശുപത്രിയിലേക്ക് മാറ്റി.

മദ്യം കഴിച്ച മൂന്നുപേരും കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനുശേഷം മരണകാരണമെന്തെന്ന് കൃത്യമായി അറിയാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുസാഫർപൂരിൽ വ്യാജമദ്യം കഴിച്ച് കഴിഞ്ഞ ദിവസം എട്ടു പേർ മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലിൽ നിന്ന് മുക്തമാകുന്നതിന് മുൻപാണ് ഗോപൽഗഞ്ചിൽ മൂന്ന് പേർ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സമിതി അംഗം ഉൾപ്പടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അഞ്ചു വർഷമായി മദ്യ നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ആകെ 70പേരാണ് വ്യാജമദ്യം കഴിച്ച് മരണമടഞ്ഞത്. നിരവധി പേരുടെ കാഴ്ച നഷ്ടപ്പെട്ടു. റുപൗലി വില്ലേജിനു കീഴിലെ സരായ്യ പൊലീസ് സ്റ്റേഷനു കീഴിൽ ഒക്ടോബർ 28നാണ് സംഭവം നടന്നത്.

2016 ഏപ്രിൽ 5 നാണ് മദ്യത്തിന്റെ നിർമ്മാണം, വിൽപ്പന, സംഭരണം, വ്യാപാരം, ഉപഭോഗം എന്നിവയിൽ ബീഹാർ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് സർക്കാർ നിയന്ത്രണത്തിൽ ചില ഇളവുകൾ ഏർപ്പെടുത്തിയിരുന്നു.