ന്യൂയോർക്ക്: സ്റ്റുഡന്റ് വിസാ തട്ടിപ്പു നടത്തിയ മൂന്ന് ഇന്ത്യൻ വംശജർക്ക് ആറു മാസം മുതൽ ഒരു വർഷം വരെ തടവിന് വിധിച്ച് യുഎസ് കോടതി. എഴുപതു ലക്ഷം യുഎസ് ഡോളറിന്റെ സ്റ്റുഡന്റ് വിസാ തട്ടിപ്പാണ് ബന്ധുക്കൾ കൂടിയായ സുരേഷ് ഹിരണന്ദാനി, ലളിത് ഛബ്രിയ, അനിത ഛബ്രിയ എന്നിവർ നടത്തിയതായി മൻഹാട്ടൻ കോടതി കണ്ടെത്തിയത്. ഇതിൽ അനിത ഛബ്രിയ ഒഴികെയുള്ളവർക്ക് ഒരു വർഷവും ഒരു ദിവസവും കോടതി തടവിന് വിധിച്ചപ്പോൾ അനിതയ്ക്ക് ആറു മാസത്തെ വീട്ടുതടങ്കലാണ് വിധിച്ചത്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു നൽകുന്ന ഫണ്ട് തട്ടിപ്പാണ് മൂവരും ചേർന്ന് നടത്തിയത്. ഇവർ നടത്തിയിരുന്ന മൈക്രോ കരിയർ ഇൻസ്റ്റിറ്റിയൂട്ട്, ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഹെൽത്ത് എഡ്യൂക്കേഷൻ എന്നിവ മുഖേനയാണ് തട്ടിപ്പിന് നടത്തിവന്നിരുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷൻ വഴി ഡൊമസ്റ്റിക് സ്റ്റുഡന്റ്‌സിനും വിദേശ വിദ്യാർത്ഥികൾക്കും നൽകേണ്ടിയിരുന്ന തുക ഇവർ തട്ടിച്ചെടുത്തെന്നാണ് കോടതി വിലയിരുത്തിയത്.

തടവിനു പുറമേ തട്ടിയെടുത്ത 7,440,000 ഡോളർ തിരികെ നൽകണമെന്നും ഡിപ്പാർട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന് പത്തു ലക്ഷം ഡോളർ നഷ്ടപരിഹാരമായി നൽകണമെന്നും വിധിയിൽ പറയുന്നു.