ഷാർജ: ഷാർജയിലെ അൽ സജയിൽ ഡീസൽ ടാങ്കിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് ടാങ്കിനുള്ളിൽ കണ്ടെത്തിയത്.പഞ്ബ് സ്വദേശികളായ കിഷൻ സിങ്, മോഹൻ സിങ്, ഉജേന്ദ്ര് സിങ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സജ വ്യവസായ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മരണപ്പെട്ട മൂന്ന് പേരും അൽ അമീർ യൂസ്ഡ് ഓയിൽ ട്രേഡിങ് കമ്പനി ജീവനക്കാരായിരുന്നു. മരണത്തെ സംബന്ധിച്ച അന്വേഷണം ഷാർജ പൊലീസ് ഊർജ്ജിതമാക്കി. അതേസമയം മരിച്ചവരുടെ കുടുംബങ്ങളോട് വിദേശ്യകാര്യ മന്ത്രി സുഷമ സ്വരാജ് അനുശോചനം രേഖപ്പെടുത്തി. എല്ലാ സഹായവും കുടുംബത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എണ്ണ ടാങ്ക് വൃത്തിയാക്കുമ്പോൾ ഉയർന്ന വിഷവാതകമാണ് ഇവരുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധന ഫലം. മൂന്ന് തൊഴിലാളികൾ അപകടത്തിൽപ്പെട്ട വിവരം ശനിയാഴ്ച രാത്രിയാണ് പൊലീസിന് ലഭിക്കുന്നത്. വിവരം ലഭിച്ചയുടനെ പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മരണങ്ങൾകൊലപാതകമാണോയെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടരന്വേഷണങ്ങൾ.

സുരക്ഷാ വീഴ്ചയാണ് മരണത്തിന് ഹേതുവായതെന്നാണ് പരിശോധന ഫലം. ഇത്തരം മേഖലകളിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് ആഴത്തിലുള്ള അവബോധം കമ്പനികൾക്ക് ലൈസൻസ് നൽകുന്ന വേളയിലും തുടർന്നും ബന്ധപ്പെട്ടവർ നൽകിയിട്ടുള്ളതാണ്.