അബൂദബി: സൗദി അറേബ്യയിൽ നിന്ന് ഉംറ തീർത്ഥാടനം കഴിഞ്ഞ് ദുബായിലേയ്ക്ക് മടങ്ങുകയായിരുന്ന മലയാളി തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകട വാർത്തയുടെ ഞെട്ടലിലാണ് യുഎഇയിലെ മലയാളി സമൂഹം ഇപ്പോഴും. വാർത്ത പരന്നപ്പോൾ മുതൽ അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനുള്ള പരക്കം പാ്്ച്ചിലിലായിരുന്നു എല്ലാവരും. അപകടം വാർത്തയും ഒപ്പമെത്തിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വേർപാടിന്റെ വാർത്തയിൽ നിന്നും മോചിതരാവാതെ കഴിയുകയാണ് ഇപ്പോൾ ചിലർ.

അപകടത്തിൽ മൂന്നു മലയാളികൾ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് പുലർച്ചെ 2.30ന് അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയർവേസ് വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ടുപോകും. ഖബറടക്കം തിങ്കളാഴ്ച നടക്കും. കൂടാതെ പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർ അപകട നില തരണം ചെയ്തതായും വിവരമുണ്ട്. ഗുരുതര പരുക്കേറ്റ എട്ട് പേർ അബുദാബി മഫ്‌റഖ്, ബദാസായിദ് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്. ഗുരുതരമല്ലാത്ത പരുക്കേറ്റ 19 പേർ മഫ്‌റഖ് ആശുപത്രിയിൽ ചികിത്സയിലാണ്.

അബൂദബി ബനിയാസ് മഫ്‌റഖ് ആശുപത്രി, ബദാസായിദ് ആശുപത്രി, മിർഫ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരാണ് അപകട നില തരണം ചെയ്തത്. മൂന്ന് ആശുപത്രികളിലുമായി കുട്ടികളും സ്ത്രീകളും അടക്കം 25ഓളം പേരാണ് ചികിത്സയിലുള്ളത്.

ദുബായിൽ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനി ജീവനക്കാരനായിരുന്ന ഡ്രൈവർ മലപ്പുറം ചങ്ങരംകുളം ഉദിനപ്പറമ്പ് ആണ്ടനാത്ത് ലത്തീഫ് (40), മലപ്പുറം എടരിക്കോട് സ്വദേശിയും ദുബായ് ഇമിഗ്രേഷൻ ഓഫീസിൽ കംപ്യൂട്ടർ കാർഡ് വിഭാഗത്തിലെ മെസഞ്ചറുമായിരുന്ന അബൂബക്കർ (45), ദുബായ് റാഷിദ് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനും കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുമായ മുഹമ്മദ് മൗലവി (43) എന്നിവരാണ് മരിച്ചത്.

എടരിക്കോട് ചോലക്കുണ്ട് കവുങ്ങിൽ ഹുസൈൻ എന്ന കുഞ്ഞുവിന്റെയും ആമിനയുടെയും മകനാണ് മരിച്ച അബൂബക്കർ. ഭാര്യ: റഹ്മത്ത്. മക്കൾ: സൈഫുല്ല, അസദുല്ല, ഹിസാമുല്ല. സഹോദരങ്ങൾ: ആബിദ, നബീസ. നൗഷിദയാണ് മരിച്ച ലത്തീഫിന്റെ ഭാര്യ. ഏഴ് വർഷമായി ദുബൈയിലുള്ള മുഹമ്മദ് മൗലവി അവധിക്ക് നാട്ടിൽ പോയ ശേഷം നാല് മാസം മുമ്പാണ് മടങ്ങിവന്നത്. ഷാഹിദയാണ് ഭാര്യ. സഹദ്, ഫാത്തിമ, ഖദീജ എന്നിവരാണ് മക്കൾ.

ശനിയാഴ്ച വൈകുന്നേരം 6.30ഓടെ അബൂദബി താരിഫിന് സമീപമുള്ള അബു അൽ അബിയള് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബസിന്റെ വലതു ഭാഗത്തെ ടയർ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് ബസ് മറിയുകയുമായിരുന്നു. ബസിന്റെ മുന്നിലുണ്ടായിരുന്ന മൂന്ന് പേരാണ് മരണപ്പെട്ടത്. പിന്നിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റില്ല.

മെയ്‌ ആറിന് ദുബൈയിൽ നിന്ന് ഉംറക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്. ഉംറ പൂർത്തിയാക്കിയ ശേഷം മദീനയിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. ഡ്രൈവർ അടക്കം ബസിലുണ്ടായിരുന്ന 60 പേരും മലയാളികളായിരുന്നു. ഇതിൽ പത്ത് പേർ കുട്ടികളായിരുന്നു. ഉംറ
സംഘത്തിൽ കൂടുതൽ പേരും കുടുംബങ്ങളോടൊപ്പമാണ് പോയിരുന്നത്.

തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് സ്വദേശികളാണ് പരിക്കേറ്റ്
ആശുപത്രിയിൽ കഴിയുന്നത്. തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷാഫി, ഭാര്യ നൈമ, കാസർകോട് പടന്ന സ്വദേശി ഇബ്രാഹിം, പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുൽ റഷീദ്, ഭാര്യ സുഹ്‌റാബി, ഷംന, നസീമ, ഷാഹിദ, യാസീന തുടങ്ങിയവരാണ് മഫ്‌റഖ് ആശുപത്രിയിൽ കഴിയുന്നത്. എടപ്പാൾ തണ്ണീർക്കോട് സ്വദേശി നൗഫൽ, സഹോദരങ്ങളായ അഷ്‌റഫ്, അലി, ഷഫീക്ക് എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും മഫ്‌റഖ് ആശുപത്രിയിലുണ്ട്. തണ്ണീർക്കോട് തലവടപ്പറമ്പിൽ കുടുംബത്തിൽ നിന്നുള്ള 17 പേരാണ് ഉംറ സംഘത്തിലുണ്ടായിരുന്നു. ചങ്ങരംകുളം സ്വദേശി അബൂബക്കർ, തൃശൂർ സ്വദേശി അസീബ് എന്നിവരാണ് ബദാസായിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.