- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ എൻ എല്ലിൽ തമ്മിൽ തല്ല് തീരുന്നില്ല; എ പി അബ്ദുൾ വഹാബും കാസിം ഇരിക്കൂറും തമ്മിലുള്ള തർക്കം തുടരുന്നു; മൂന്ന് നേതാക്കളെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി; വാട്സാപ് ദുരുപയോഗം ചെയ്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം
കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഐഎൻഎല്ലിൽ തമ്മിൽ തല്ല് രൂക്ഷമായി. ഇതിന്റെ തുടർച്ചയായി മൂന്നു നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഐ എൻ എൽ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് ആനക്കയം, മുൻ സെക്രട്ടറി ഖാലിദ് മഞ്ചേരി, മങ്കട മണ്ഡലം പ്രസിഡന്റ് സി എച്ച് അലവിക്കുട്ടി, എന്നിവരെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് പുറത്താക്കൽ തീരുമാനം എടുത്തത്. പുറത്താക്കിയതിൽ ഒരാൾ വഹാബിനെ അനുകൂലിക്കുന്നയാളും മറ്റു രണ്ടു പേർ കാസിം ഇരിക്കൂർ പക്ഷക്കാരുമാണ്. ഏതോ വാട്ട്സ് ആപ്പിൽ ഗ്രൂപ്പിൽ വന്ന സന്ദേശം അബ്ദുൾ വഹാബിന് അയച്ചു എന്ന കുറ്റം ചുമത്തിയാണ് തങ്ങൾക്കൊപ്പം ഉള്ളയാൾക്കെതിരെ നടപടി എടുത്തതെന്നാണ് വഹാബ് വിഭാഗം വ്യക്തമാക്കുന്നത്.
സംസ്ഥാന പ്രസിഡന്റുമായി ചർച്ച ചെയ്യാതെയാണ് ജനറൽ സെക്രട്ടറി തീരുമാനം എടുക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇത് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഐ എൻ എൽ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ബഹളത്തിന് കാരണമായിരുന്നു. സ്വന്തം ഇഷ്ടക്കാരുമായി മാത്രം ചർച്ച ചെയ്താണ് ജനറൽ സെകട്ടറി തീരുമാനമെടുക്കുന്നതെന്ന് വഹാബ് വിഭാഗം യോഗത്തിൽ ആരോപിച്ചു.
ഓഗസ്റ്റിൽ അംഗത്വ കാംപയിൻ പൂർത്തിയാക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.പാർട്ടി സ്ഥാപക നേതാവ് ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ നൂറാം ജന്മവാർഷികം നവംബർ മുതൽ ഒരു വർഷംനീണ്ടുനിൽക്കുന്ന പരിപാടികളോടെ നടത്തും. പ്രൊഫ. എ.പി അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മന്ത്രി അഹമ്മദ് ദേവർ കോവിലാണ് ഉദ്ഘാടനം ചെയ്തത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.