കണ്ണൂർ: തലശേരി എംഎൽഎ എ എൻ ഷംസീറിനു തടവുശിക്ഷ. പൊലീസുകാരെ ഭീഷണിപ്പെടുത്തി പൊതുവേദിയിൽ പ്രസംഗിച്ചു എന്ന കേസിലാണ് സിപിഐ(എം) എംഎൽഎയ്‌ക്കെതിരെ കോടതിവിധി. മൂന്ന് മാസം തടവും 2000 രൂപ പിഴയുമാണു കോടതി ശിക്ഷ വിധിച്ചത്. കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണു വിധി.

കേസിനാസ്പദമായ സംഭവം നടന്നത് 2012 ജൂലായ് 20 നാണ്. എസ്എഫ്‌ഐ നേതാവായിരിക്കെ നടത്തിയ പ്രസംഗമാണ് കേസിനു കാരണമായത്. വിദ്യാർത്ഥികളെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ എസ്‌പി ഓഫീസ് മാർച്ചിനിടെയാണു പ്രസംഗം നടത്തിയത്.

'കയ്യൂരിലെ കമ്യൂണിസ്റ്റ് സഖാക്കളെ തല്ലിച്ചതച്ച സുബ്ബരായ്യന്റെ ഗതിയായിരിക്കും കണ്ണൂർ ഡിവൈഎസ്‌പി പി.സുകുമാരനുണ്ടാകുക. കയ്യൂർ, കരിവെള്ളൂർ സമരത്തെക്കുറിച്ചൊക്കെ ഗൂഗിൾ സെർച്ച് ചെയ്യാൻ പൊലീസ് തയ്യാറാവണം. ഇതുവരെ ഡിവൈഎഫ്ഐ പൊലീസിനെതിരെ പകവച്ചിരുന്നില്ല. ഇനി പകവെക്കേണ്ടി വരും. ഞങ്ങളെ തല്ലിയാൽ തിരിച്ചും തല്ലും. നിരപരാധികളായ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന നിങ്ങൾക്കും ഭാര്യയും മക്കളുമുണ്ടെന്ന് ഓർമിക്കണം. കേരളത്തിലെ പൊലീസിന് കമ്യൂണിസ്റ്റ് ഫോബിയയാണ്. ഖദറിനുമുകളിൽ കാക്കിയിട്ട് ഡിവൈഎഫ്ഐക്കാർക്കെതിരെ കുതിരകയറാൻ വന്നാൽ കൈക്കരുത്തറിയും. ഡിവൈഎഫ്ഐയുടെ 209 വില്ലേജ് കമ്മറ്റികൾ ജില്ലയിലെ 29 പൊലീസ് സ്റ്റേഷനുകൾ സ്തംഭിപ്പിക്കാൻ തീരുമാനിച്ചാൽ നേരിടാൻ പൊലീസിനാകില്ല' - എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ.

വിധിക്ക് ശേഷം കോടതിയിൽ ഹാജരായി ഷംസീർ ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.