മലപ്പുറം: ആഡംബര കാറിനുള്ളിൽ രഹസ്യ അറകളുണ്ടാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവുമായി മൂവർ സംഘം മലപ്പുറത്ത് പിടിയിൽ.മലപ്പുറം വേങ്ങര വലിയോറ സ്വദേശികളായ വലിയോറ കരുവള്ളി ഷുഹൈബ്(32), മോയൻ വീട്ടിൽ മുഹമ്മദ് ഹർഷിദ് (31), കരുവള്ളി ഷമീർ (36) എന്നിവരാണ് മലപ്പുറം വലിയങ്ങാടിയിൽ വെച്ച് പിടിയിലായത്. ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് ആയിരം രൂപക്കു വാങ്ങി നാട്ടിലെ ചെറുകിട വിൽപനക്കാർക്ക് സംഘം വിൽക്കുന്നത് മുപ്പതിനായിരം രൂപക്കുവരെയാണ്.

കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിലോറികളിലും ആഡംബരകാറുകളിലും രഹസ്യ അറകളുണ്ടാക്കി വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാപൊലീസ് മേധാവി സുജിത്ത് ദാസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി: പി.എം..പ്രദീപ്, മലപ്പുറം സിഐ. ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.സിഐ .ജോബി തോമസ്, എസ്‌ഐ അമീറലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഘത്തെകുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മലപ്പുറം ടൗണിലും പരിസരങ്ങളിലും പല ഭാഗങ്ങളിലായി വാഹന പരിശോധന നടത്തിയതിൽ വലിയങ്ങാടി ബൈപ്പാസിൽ വച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്.

ആവശ്യക്കാർക്ക് വിൽപന നടത്താൻ തയ്യാറാക്കിയ ചെറിയ പായ്ക്കറ്റുകളിലാക്കി കാറിന്റെ പല ഭാഗങ്ങളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു .

പ്രത്യേക സംഘത്തിലെ സി.പി.മുരളീധരൻ ,സി.പി..സന്തോഷ്,എൻ.ടി.കൃഷ്ണകുമാർ ,പ്രശാന്ത് പയ്യനാട് , എം.മനോജ്കുമാർ , കെ.ദിനേശ് ,പ്രബുൽ ,സക്കീർ കുരിക്കൾ , സിയാദ് കോട്ട .രജീഷ് . ദിനു.ഹമീദലി, ഷഹേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.