വാർണർ പാർക്ക്: വെസ്റ്റ് ഇൻഡീസ്-ഇന്ത്യ മൂന്നാം ടി20 ഇന്ന് നടക്കും. വാർണർ പാർക്കിൽ ഇന്ത്യൻസമയം രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. 9.00 മണിക്ക് ടോസ് വീഴും. എട്ട് മണിക്ക് മത്സരം തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്യത പാലിക്കുന്നതിനാൽ ഇന്ന് ജയിച്ച് ലീഡ് തിരിച്ചുപിടിക്കുകയാകും ടീം ഇന്ത്യയുടെ ലക്ഷ്യം.

രണ്ടാം ടി20 ലോജിസ്റ്റിക് പ്രശ്നങ്ങളെ തുടർന്ന് വൈകി ആരംഭിച്ചതിനാൽ താരങ്ങൾക്ക് മതിയായ വിശ്രമം ലഭിക്കാൻ വേണ്ടിയാണ് മൂന്നാം മത്സരം വൈകിപ്പിക്കാൻ തീരുമാനിച്ചത്. വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശം ഇരു ടീമുകളും അംഗീകരിച്ചു. രണ്ടാം ടി20ക്ക് വേദിയായ സമാന സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കുക. ഇന്ത്യൻസമയം രാത്രി എട്ട് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ടി20 താരങ്ങളുടെ കിറ്റുകൾ അടങ്ങിയ ലഗേജ് സ്റ്റേഡിയത്തിൽ എത്താൻ വൈകിയതിനെ തുടർന്ന് 10 മണിക്കാരംഭിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വീണ്ടും വൈകിയ മത്സരം രാത്രി 11 മണിക്ക് മാത്രമാണ് തുടങ്ങിയത്. ക്രിക്കറ്റ് ആരാധകർക്കും സ്‌പോൺസർമാർക്കും ഉണ്ടായ ബുദ്ധിമുട്ടിന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് ക്ഷമ ചോദിച്ചിരുന്നു.

ആദ്യ ടി20യിൽ ഇന്ത്യ 68 റൺസിന് ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിന് ജയിച്ച് ആതിഥേയരായ വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു. സ്‌കോർ: ഇന്ത്യ-19.4 ഓവറിൽ 138. വിൻഡീസ്-19.2 ഓവറിൽ 141/5. 52 പന്തിൽ 68 റൺസെടുത്ത ഓപ്പണർ ബ്രെൻഡൻ കിങ്ങും 19 പന്തിൽ 31 റൺസെടുത്ത ഡോവോൻ തോമസുമാണ് വിൻഡീസിനെ ജയിപ്പിച്ചത്. അവസാന ഓവറിൽ തകർത്തടിച്ച തോമസിന്റെ ഇന്നിങ്സ് നിർണായകമായി. അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഹാർദിക് പാണ്ഡ്യ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. തന്റെ അവസാന പന്തിലാണ് മക്കോയി ആറ് വിക്കറ്റ് തികച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 31 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായി. ഇന്ത്യ ഒരിക്കൽ പോലും മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായില്ല. സൂര്യകുമാർ യാദവ്(11), ശ്രേയസ് അയ്യർ(10), ദിനേഷ് കാർത്തിക്(7) എന്നിവർ നിരാശപ്പെടുത്തി. രവിചന്ദ്ര അശ്വിൻ 10 റൺസെടുത്തു. വിൻഡീസിന് വേണ്ടി മക്കോയിയുടെ ആറിന് പുറമെ ജേസൻ ഹോൾഡർ രണ്ടും അൽസാരി ജോസഫ്, അക്കീൽ ഹൊസെയ്ൻ എന്നിവർ ഓരോ വിക്കറ്റും നേടി.