വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം തൃഷയും വരുൺ മനിയും പിരിയാൻ ഉണ്ടായ കാരണം അന്വേഷിച്ചു നടക്കുകയാണ് കോളിവുഡ് പാപ്പരസികൾ. വിവാഹം മുടങ്ങിയതിനെ പറ്റി നടിയോ വരുണിന്റെ കുടുംബമോ ഇതുവരെ പ്രതികരിക്കാത്തത് മൂലം പല കാരണങ്ങളാണ് വിവാഹം മുടങ്ങാനുണ്ടായതായി പാപ്പരാസികൾ കണ്ടെത്തിയിരിക്കുന്നത്.

വിവാഹം മുടങ്ങിയ നടി തൃഷ പഴയ കാമുകൻ റാണയുമായി അടുക്കുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തൃഷയുടെ പിറന്നാൾ പാർട്ടിയിൽ നിന്നും വരുൺ വിട്ടുനിന്നതും ആശംസ അറിയിച്ച് റാണ രംഗത്തെത്തിയതും ഇരുവരുടെയും വേർപിരിയൽ സംബന്ധിച്ച ഊഹപോഹങ്ങൾ ശക്തമാക്കി.

എന്നാൽ ഇപ്പോൾ കോളിവുഡിൽ നിന്ന് ഉയരുന്നത് വിവാഹം മുടങ്ങാൻ കാരണം നടൻ ധനുഷാണെന്നാണ്. വിവാഹ നിശ്ചയത്തിന് ധനുഷ് പങ്കെടുത്തതാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയതെന്ന് വരുണിന്റെ കുടുംബംഗങ്ങൾ പറയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വരുണും ധനുഷും തമ്മിൽ നല്ല അടുപ്പത്തിലല്ല. ധനുഷിന്റെ ചടങ്ങിലെ സാന്നിധ്യം വരുണിനെ ചൊടുപ്പിച്ചതായും പറയുന്നു. തന്റെ അടുത്ത സുഹൃത്താണ് ധനുഷെന്നും അതിനാൽ ചടങ്ങിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ലെന്നും തൃഷ വ്യക്തമാക്കി. വിവാഹ നിശ്ചയ ദിനത്തിൽ തന്നെ ഇരുവരും തമ്മിലുണ്ടായ പ്രശ്‌നം വരുണിന്റെ അച്ഛൻ ഇടപെട്ടാണ് പരിഹരിചതെന്നും സൂചനയുണ്ട്.

കൂടാതെ വിവാഹശേഷം തൃഷ അഭിനയിക്കരുത് എന്ന് വരുൺ ഉറച്ച നിലപാടെടുത്തതാണ് ബന്ധം തകരാനുള്ള മറ്റൊരു കാരണമെന്ന് പറയപ്പെടുന്നു. വരുണിന്റെ പിതാവ് തെക്കേഇന്ത്യയിലെ തന്നെ പ്രമുഖനായ ബിസിനസുകാരനാണ്. മാത്രമല്ല, ആദ്യം മുതൽ തന്നെ തൃഷയമായുള്ള ബന്ധത്തിന് അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നൊരു പെണ്ണിനെ വരുൺ വിവാഹം ചെയ്താൽ മതിയെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.

എന്നാൽ, മകന്റെ നിർബന്ധത്തിന് മുന്നിൽ കുടുംബം വഴങ്ങിയെന്നും അതേസമയം, വിവാഹശേഷം തൃഷ അഭിനയം തുടരരുത് എന്ന് വരുണിനെ കൊണ്ട് തൃഷയോട് പറയിപ്പിക്കുന്നതിൽ കുടുംബം വിജയിച്ചു. എന്നാൽ, വരുണിന്റെ ആവശ്യം തൃഷയ്ക്ക് സ്വീകാര്യമായിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുകയും ചെയ്തു. വരുൺ, അനാവശ്യമായി തന്റെ ജീവിതത്തിൽ കൈ കടത്തുന്നു എന്ന ചിന്തയും തൃഷയിലുണ്ടായി. തുടർന്ന് പലതവണ ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. അതിനാലാണ് ഇരുവരും വിവാഹതീയതി പ്രഖ്യാപിക്കാതിരുന്നത് എന്നുമാണ് തൃഷയുടെ അടുത്ത സുഹൃത്തുക്കളിലൊരാൾ വെളിപ്പെടുത്തിയത്.

ഇവർക്കിടയിലെ പ്രശ്‌നം കാരണമാണ് വരുൺ നിർമ്മിക്കുന്ന സിനിമയിൽ നിന്ന് തൃഷ പിന്മാറിയത്. മാത്രമല്ല, തമിഴിലും തെലുങ്കിലുമായി രണ്ട് സിനിമകൾക്ക് തൃഷ ഡേറ്റ് നൽകുകയും ചെയ്തു. ഇത് വരുണിന് കടുത്ത നാണക്കേട് ഉണ്ടാക്കുകയും ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു.

അതേസമയം, മുൻ കാമുകനും തെന്നിന്ത്യൻ നടനുമായ റാണ ദഗുബതിയുമായി തൃഷ വീണ്ടും അടുത്തതാണ് വരുൺ മണിയനെ ചൊടിപ്പിച്ചതെന്ന് മറ്റൊരു കഥയും തമിഴകത്ത് പ്രചരിക്കുന്നുണ്ട്.. തൃഷയും ബിസിനസുകാരനായ വരുൺ മണിയനും തമ്മിലുള്ള വിവാഹനിശ്ചയം ജനുവരി 23ന് ചെന്നൈയിൽ വച്ചാണ് നടന്നത്.