സൗദിയിലെ അവാമിയയിൽ ഷിയ പ്രവർത്തകർക്ക് നേരെയുണ്ടായ വെടിവെപ്പിലാണ് സജാദ് മുഹമ്മദ് അബു അബ്ദുല്ല എന്ന മൂന്ന് വയസുകാരൻ കൊല്ലപ്പെട്ടത്. ഷിയ പ്രവർത്തകർക്ക് നേരെയുള്ള സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിവെയ്‌പ്പിനിടെയിലാണ് സജാദിന് വെടിയേറ്റത്. കാറിൽ നിന്ന് സജാദിനെ കണ്ടെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു,പിന്നീട് രണ്ട് മാസത്തോളം ചികിത്സയിലായിരുന്നു.

മൂന്ന് വയസുകാരനായ സജാദിന്റെ മരണ വാർത്ത സൗദി അവാമിയ പ്രദേശത്തെ ജനങ്ങൾ ഞെട്ടലോടെയാണ് അറിഞ്ഞത്. പുണ്യ മാസമായ റമദാനിൽ കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന സജാദ് മുഹമ്മദ് അബു അബ്ദുള്ള എന്ന മൂന്ന് വയസുകാരന് ജൂൺ മാസം പന്ത്രണ്ടിനാണ് വെടിയേൽക്കുന്നത്. രണ്ട് മാസത്തെ അതികഠിനമായ വേദന അനുഭവിച്ചതിന് ശേഷമാണ് സജാദ് കഴിഞ്ഞ ബുധനാഴ്ച സൗദിയിലെ ദമാം മറ്റേർനിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ മരണപ്പെടുന്നത്.

 

യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൺ റൈറ്റ്‌സും ബഹ്‌റിന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൈറ്റ്‌സ് ആൻഡ് ഡെമോക്രസിയും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആയുധദാരികളായ സൗദി സർക്കാരിന്റെ സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്നാണ് കുട്ടിക്ക് വെടിയേറ്റതെന്നും ഇവർ ആരോപിച്ചിരുന്നു. സൗദിയിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ അക്രമങ്ങൾക്കെതിരെ യുണൈറ്റഡ് നേഷൻ അന്വേഷണം നടത്തണമെന്നും മനുഷ്യവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.