റാസൽഖൈമ: റാസൽഖൈമയിലെ പഴം, പച്ചക്കറി, പൗൾട്രി, മീറ്റ് മാർക്കറ്റിൽ സാധനങ്ങൾക്ക് 30 ശതമാനം വിലക്കുറവ്. സാമ്പത്തിക മന്ത്രാലയം മാർക്കറ്റിൽ നടത്തിയ പരിശോധനയെ തുടർന്നാണ് മാർക്കറ്റിൽ സാധനങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. നോമ്പുകാലത്ത് ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സാധനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കരിഞ്ചന്ത തടയാനും മറ്റുമായി മന്ത്രാലയം പരിശോധനകൾ നടത്തി വരികയാണ്.

ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.ഹാഷിം അൽ നുഐമി, യുഎഇ സാമ്പത്തിക വകുപ്പ് റാസൽഖൈമ ഓഫിസ് ഡയറക്ടർ  റാഷിദ് അൽ ഹബ്‌സി, റാസൽഖൈമ സാമ്പത്തിക വികസന വകുപ്പ് പ്രതിനിധികൾ എന്നിവരെ കൂടാതെ, മാദ്ധ്യമ പ്രവർത്തകരും പരിശോധനാ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

റമദാനിൽ മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തുമെന്ന് സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റാസൽഖൈമ മാർക്കറ്റിൽ പരിശോധനയ്ക്ക് എത്തിയത്. മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ ഇവിടത്തെ കച്ചവടക്കാർ പാലിക്കുന്നുണ്ടെന്നും വില സംബന്ധിച്ച് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖകൾ ഇവർ പാലിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സാധനങ്ങളുടെ വില സംബന്ധിച്ച ലേബിൽ ഉത്പന്നത്തിന്റെ വില, ഇനം, ഏതുരാജ്യത്തു നിന്നാണോ ഇറക്കുമതി ചെയ്ത് ആ രാജ്യത്തിന്റെ പേര് എന്നിവ വേണമെന്ന് മന്ത്രാലയം നിർദേശിച്ചിരുന്നു.