അറ്റ്ലാന്റ: അമേരിക്കയിൽ ജനിച്ചു വളർന്ന് വിവിധ തലങ്ങളിൽ കഴിവുതെളിയിച്ച 30 വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്ത ഇന്തോ അമേരിക്കൻ പ്രസ് ക്ലബിന്റെ മാതൃക മറ്റു സംഘടനകൾക്കും അനുകരണീയമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

അറ്റ്ലാന്റയിൽ 5,6,7,8 തീയതികളിലായി നടത്തപ്പെട്ട ഇന്തോ- അമേരിക്കൻ പ്രസ് ക്ലബിന്റെ സമാപന സമ്മേളനത്തിലാണ് അവാർഡ് വിതരണ ചടങ്ങ് നടന്നത്. ഇന്ത്യൻ വംശജരായ കായികം, നേതൃപാടവം, കലകൾ, സാമൂഹ്യ പ്രവർത്തനം, പാഠ്യവിഷയങ്ങൾ തുടങ്ങിയ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്കാണ് 500 ഡോളർ വീതം ക്യാഷ് അവാർഡ് നൽകുന്നതെന്ന് ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. സ്റ്റീഫൻ ഫൗണ്ടേഷനും, സെന്റ് മേരീസ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയുമാണ് ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തത്.

ഈവർഷം അറ്റ്ലാന്റാ- മെട്രോപ്പോളിറ്റൻ ഏരിയയിൽ താമസിക്കുന്നവരെ മാത്രമാണ് മെറിറ്റ് സ്‌കോളർഷിപ്പിനായി തെരഞ്ഞെടുത്തതെന്നും രണ്ടു വർഷത്തിനുള്ളിൽ 50 പേർക്ക് ക്യാഷ് അവാർഡ് നൽകുമെന്നും ചെയർമാൻ ബാബു സ്റ്റീഫൻ പറഞ്ഞു. അറ്റ്ലാന്റാ ചാപ്റ്റർ അഡൈ്വസറി ബോർഡ് മെമ്പർ അനിൽ അഗസ്റ്റിനും ബോർഡ് മെംബർ സുനിൽ ജെ. കൂഴമ്പാലയുമാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

അമേരിക്കയിൽ കഴിയുന്ന കഴിവുള്ള ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളെയും മാധ്യമ പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് തങ്ങൾ ഏറ്റെടുത്ത പ്രധാന ദൗദ്യമെന്ന് ഐഎപിസി സ്ഥാപകനും ബോർഡ് ഓഫ് ഡയറക്ടറുമായ ജിൻസ്മോൻ സഖറിയ പറഞ്ഞു