- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമഡി മാത്രമല്ല, മറ്റേത് സംവിധായകരെക്കാളും സാങ്കേതിക തികവോടെ ആക്ഷൻ സിനിമ ചെയ്യാൻ തനിക്ക് പറ്റുമെന്ന് പ്രിയദർശൻ ഉറക്കെ വിളിച്ച് പറഞ്ഞ സിനിമ; മോഹൻലാലിന്റെ കിടിലൻ പെർഫോമൻസ്; ടി ദാമോദരൻ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥ; ഒരു കൈയിൽ പൂജാമണിയും മറുകൈയിൽ തോക്കുമേന്തി ദേവനാരായണൻ വന്നിട്ട് ഇന്നേക്ക് 30 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു
Aug 26 1988... മലയാള സിനിമയിലെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ''ആര്യൻ'' റിലീസായിട്ട് ഇന്നേക്ക് 30 വർഷങ്ങൾ.... പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതൽ 16 ഓളം സിനിമകളിൽ കളിയും തമാശയും പിന്നെ കുറച്ച് സെന്റിമെന്റ്സും ഒക്കെ ചേരുംപടി ചേർത്ത് പ്രേക്ഷകരെ ആകർഷിച്ചിരുന്ന പ്രിയദർശൻ എന്ന സംവിധായകന്റെ ആദ്യ ചുവട് മാറ്റമാണ് 'ആര്യൻ'' എന്ന ആക്ഷൻ പ്രാധാന്യമുള്ള സിനിമ....slapstickകോമഡിയിൽ നിന്ന് ആക്ഷൻ ജോണറിലേക്കുള്ള അരങ്ങേറ്റം പ്രിയദർശൻ അതിഗംഭീരം ആക്കുകയും ചെയ്തു....ടി ദാമോദരൻ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥയിൽ പ്രിയദർശൻ എന്ന കോമഡി സംവിധായകൻ സിനിമ ചെയ്യുന്നു, അത് മോഹൻലാൽ തന്നെ നിർമ്മിക്കുന്നു എന്നീ കാരണങ്ങൾ കൊണ്ട് 'ആര്യൻ' ചിത്രീകരണഘട്ടത്തിലെ വാർത്താപ്രാധാന്യം നേടിയിരുന്നു..... ദേവനാരായണൻ എന്ന സാധു ബ്രാഹ്മണ യുവാവിന്റെ പട്ടിണിയുടെയും അതിജീവനത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ബോംബെയുടെ പശ്ചാലത്തിൽ പ്രിയദർശനും ടി ദാമോദരനും കൂടി അവതരിപ്പിച്ചത്.. അത് പ്രേക്ഷകർ നിറഞ്ഞ കൈയടികളുടെ അകമ്പട
Aug 26 1988...
മലയാള സിനിമയിലെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നായ പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ''ആര്യൻ'' റിലീസായിട്ട് ഇന്നേക്ക് 30 വർഷങ്ങൾ....
പൂച്ചയ്‌ക്കൊരു മൂക്കുത്തി മുതൽ 16 ഓളം സിനിമകളിൽ കളിയും തമാശയും പിന്നെ കുറച്ച് സെന്റിമെന്റ്സും ഒക്കെ ചേരുംപടി ചേർത്ത് പ്രേക്ഷകരെ ആകർഷിച്ചിരുന്ന പ്രിയദർശൻ എന്ന സംവിധായകന്റെ ആദ്യ ചുവട് മാറ്റമാണ് 'ആര്യൻ'' എന്ന ആക്ഷൻ പ്രാധാന്യമുള്ള സിനിമ....slapstickകോമഡിയിൽ നിന്ന് ആക്ഷൻ ജോണറിലേക്കുള്ള അരങ്ങേറ്റം പ്രിയദർശൻ അതിഗംഭീരം ആക്കുകയും ചെയ്തു....ടി ദാമോദരൻ എന്ന തീപ്പൊരി എഴുത്തുക്കാരന്റെ തിരക്കഥയിൽ പ്രിയദർശൻ എന്ന കോമഡി സംവിധായകൻ സിനിമ ചെയ്യുന്നു, അത് മോഹൻലാൽ തന്നെ നിർമ്മിക്കുന്നു എന്നീ കാരണങ്ങൾ കൊണ്ട് 'ആര്യൻ' ചിത്രീകരണഘട്ടത്തിലെ വാർത്താപ്രാധാന്യം നേടിയിരുന്നു.....
ദേവനാരായണൻ എന്ന സാധു ബ്രാഹ്മണ യുവാവിന്റെ പട്ടിണിയുടെയും അതിജീവനത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ബോംബെയുടെ പശ്ചാലത്തിൽ പ്രിയദർശനും ടി ദാമോദരനും കൂടി അവതരിപ്പിച്ചത്.. അത് പ്രേക്ഷകർ നിറഞ്ഞ കൈയടികളുടെ അകമ്പടിയോടെ സ്വീകരിക്കുകയും ചെയ്തു.കോമഡി സിനിമകൾ മാത്രമല്ല, മറ്റേത് ആക്ഷൻ സിനിമകളുടെ സംവിധായകരെക്കാളും സാങ്കേതിക തികവോടെ, ചടുലതയോടെ ആക്ഷൻ സിനിമ ചെയ്യാൻ തനിക്ക് പറ്റും എന്ന് പ്രിയദർശൻ ഉറക്കെ വിളിച്ച് പറഞ്ഞ സിനിമയായിരുന്നു ആര്യൻ.
ആര്യനിലെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്...ദേവനാരായണൻ എന്ന കഥാപാത്രമായി മോഹൻലാൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചു...
ശരിക്കും വൺമാൻ ഷോ എന്ന് പറയാവുന്ന പെർഫോമൻസ്....കുഞ്ഞാലിക്ക എന്ന ബാലൻ കെ നായരുടെ കഥാപാത്രത്തിന്റെ പിന്നാലെ ദേവൻ എന്ന മോഹൻലാലിന്റെ കഥാപാത്രം നടക്കുന്നതും ഉന്ത് വണ്ടി കല്ലിൽ തട്ടി സാധനങ്ങൾ നിലത്ത് വീഴുമ്പോൾ ഓടി വന്ന് എടുത്ത് വെയ്ക്കുന്നതും കാറ്റത്ത് ആടുന്ന റാന്തൽ കൈ കൊണ്ട് പിടിച്ച് നിർത്തുന്നതും പിന്നെ ചെറിയൊരു ചിരി ചിരിച്ച് ഉന്ത് വണ്ടി പതിയെ മുന്നോട്ട് തള്ളി നീക്കുന്നതും ആര്യനിലെ മികച്ച രംഗങ്ങളിലൊന്നാണ്, തിയേറ്ററിൽ പ്രേക്ഷകർക്ക് ചെറുപുഞ്ചിരി സമ്മാനിച്ച രംഗം.... എത്ര മനോഹരമായിട്ടാണ്, എത്ര സ്വഭാവികമായിട്ടാണ് ദേവൻ എന്ന കഥാപാത്രത്തിന്റെ നിസഹായവസ്ഥ ഈ രംഗത്തിൽ മോഹൻലാൽ പകർന്നാടിയിരിക്കുന്നത്....
തിയേറ്ററിൽ പ്രേക്ഷകർക്ക് ആവേശം/ രോമാഞ്ചം പകർന്ന് നല്കിയ ഒട്ടനവധി രംഗങ്ങളാൽ സമ്പന്നമായിരുന്നു ആര്യൻ.... 3 മണിക്കൂറിനടുത്ത് ദൈർഘ്യം ഉള്ള ആര്യൻ ദേവനാരായണന്റെ ജീവിതം വിശദമായി തന്നെ പറയുന്നുണ്ട്.തന്റെ സ്വർണമാല മാർട്ടിനിൽ നിന്ന് തിരിച്ച് വാങ്ങാനായി ദേവനാരായണൻ ബോക്‌സിങ് റിങ്ങിലേക്ക് വരുന്ന രംഗവും, അതിന് അകമ്പടിയായിട്ടുള്ള പശ്ചാത്തല സംഗീതവും, തുടർന്നുള്ള ആ സ്റ്റണ്ടും തിയേറ്ററുകളിൽ നിറച്ച ആവേശവും കൈയടികളും വളരെ വലുതായിരുന്നു... ശരിക്കും ഒരു പ്രേക്ഷകൻ അനുഭവിച്ചറിയേണ്ട ആവേശം... ഒരു ഫാൻസ് അസോസിയഷന്റെയും പിൻബലമില്ലാതെയാണ് അന്നൊക്കെ തിയേറ്റർ പരിസരം പൂരപ്പറമ്പ് ആയിരുന്നത്, തിയറ്ററുകളിൽ ആർപ്പ് വിളികൾ ഉയർന്നിരുന്നത് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്....
ആര്യൻ സിനിമയിൽ വളരെ വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടത് മനോഹരവും ശക്തവുമായ ഇന്റർവെൽ രംഗമാണ്. അധോലോകവുമായി ചേർന്ന് പ്രവർത്തിച്ച് വരുന്ന ദേവൻ ആദ്യമായി ഒരു കൊലപാതകം നടത്തിയതിന് ശേഷം മദ്യപിക്കുന്ന രംഗം. തെറ്റ് ചെയ്ത വേദനയിൽ, കുറ്റബോധത്തിൽ ദേവൻ മദ്യം ബുദ്ധിമുട്ടി കുടിക്കുന്നതിന്നൊപ്പം പഴയ പൂജാരിയായ ദേവനെ കാണിക്കുന്നിടത്താണ് ഇന്റർവെൽ. പ്രേക്ഷകരെ ശരിക്കും ആകർഷിച്ച ഇന്റർവെൽ രംഗം.....
ആര്യനിലെ മറക്കാൻ പറ്റാത്ത സീനുകളിലൊന്നാണ് ഹോളി ആഘോഷവും തുടർന്നുള്ള വെടിവെയ്‌പ്പും സ്റ്റണ്ടും.... ആ സീനുകൾ മുഴുവൻ സ്ലോ മോഷനിലാണ് പ്രിയദർശൻ അവതരിപ്പിച്ചത്.3 മിനിറ്റോളം വരുന്ന രംഗങ്ങൾ സ്ലോ മോഷനിൽ അവതരിപ്പിക്കുന്നത് ഒരുപക്ഷെ മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും.സ്ലോ മോഷനിലുള്ള മോഹൻലാലിന്റെ സ്റ്റണ്ടും ഓട്ടവും ഒക്കെ 30 വർഷങ്ങൾക്കിപ്പുറവും ഓർമ്മയിൽ നിറഞ്ഞ് നില്ക്കുന്നു.
ആര്യൻ സിനിമ എന്ന് കേൾക്കുമ്പോ എല്ലാരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന രംഗം ടാക്സി കാറുകളുടെ മുകളിലൂടെ വില്ലന്മാരെ കൊല്ലാനായി ഓടി വരുന്ന മോഹൻലാലിനെ ആയിരിക്കും, ഉറപ്പ്....വില്ലന്മാരുടെ കാറിന് പിന്നിലായി ടാക്സി കാറുകൾ അണിനിരക്കുന്നതും റോഡിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി വില്ലനെ കുടുക്കുന്നതും, പിന്നാലെ കാറിന് മുകളിലൂടെയായി മോഹൻലാൽ ഓടി വരുന്നതും വില്ലന്മാരെ വെടിവെച്ചിടുന്നതും ഒക്കെ തിയേറ്ററുകളിൽ ആവേശത്തിരകൾ ഉയർത്തി, ഒപ്പം രോമാഞ്ചവും.പ്രിയദർശൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ്മാൻഷിപ്പ് എത്രത്തോളം ഉയരെ ആണെന്ന് മലയാള സിനിമയ്ക്ക് കാണിച്ച് തന്ന രംഗങ്ങൾ. ജോൺസൺ നല്കിയ പശ്ചാത്തല സംഗീതം മേല്പറഞ്ഞ രംഗങ്ങളെ കൂടുതൽ ത്രില്ലിങ്ങ് ആക്കി. 5 മിനിറ്റുകളോളം ഉള്ള ആ രംഗങ്ങൾ ഇന്നും ആവേശത്തോടെയല്ലാതെ, രോമാഞ്ചത്തോടെ അല്ലാതെ കണ്ടിരിക്കാൻ പറ്റില്ല.കാറുകളുടെ മുകളിലൂടെ മോഹൻലാൽ ഓടി വരുന്ന രംഗം റീടേക്ക് ഇല്ലാതെ ഒറ്റ ടേക്കിൽ എടുത്തതാണ് കേട്ടിട്ടുണ്ട്. ഓട്ടത്തിനിടയിൽ മോഹൻലാൽ ഒന്ന് രണ്ട് തവണ തെന്നി വീഴാൻ പോകുന്നത് കാണാം ആ രംഗത്ത്.ഒരുപക്ഷേ രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും മൂന്നാംമുറയും ഒക്കെ പ്രേക്ഷകർക്ക് സമ്മാനിച്ച ത്രില്ലിങ് നിമിഷങ്ങളെക്കാൾ കൂടുതൽ ആര്യൻ പ്രേക്ഷകർക്ക് നല്കിയിട്ടുണ്ടെന്നും പറയാം....
4 വർഷങ്ങൾ ജയിലിൽ കിടന്ന ശേഷം എല്ലാം മതിയാക്കി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുന്ന ദേവൻ നിമ്മിയെ തന്റെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കുന്ന രംഗവും അപ്പോഴത്തെ സംഭാഷങ്ങളും ഹൃദയസ്പർശിയാണ്.. ''വരുന്നൊ എന്റെ കൂടെ, എന്റെ ഇല്ലത്തേക്ക്,ദേവനാരായണൻ നമ്പൂതിരിയുടെ വേളിയായിട്ട്... പേര് മാറ്റി നിർമ്മല അന്തർജനം എന്നാക്കട്ടെ.... വരുന്നൊ... വരണം, വരണം''എത്ര മികവോടെയാണ് മോഹൻലാൽ മേൽപ്പറഞ്ഞ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
വില്ലന്മാരെയെല്ലാം ഇല്ലത്തേക്ക് വരുത്തി അച്ഛന്റെ മുന്നിൽ തന്റെ നിരപരാധിത്വം ദേവൻ തെളിയിക്കുന്ന രംഗം ആര്യനിലെ മറ്റൊരു മികച്ച രംഗമാണ്....''എന്നെ ഇവന്മാർ ഇവിടിട്ട് തല്ലി ചതച്ചപ്പോൾ ഇതിനെക്കാൾ ഉച്ചത്തിൽ എന്റെ അച്ഛനും അമ്മയും പെങ്ങന്മാരും നിലവിളിച്ചില്ലേ...പൊട്ടി കരഞ്ഞില്ലേ... കള്ളൻ കള്ളൻ എന്നെന്നെ കുറിച്ച് ഇവന്മാർ അലറിയപ്പോൾ നിങ്ങളുടെ നിലവിളികളാരും കേട്ടില്ല.. നാട്ടുകാരും പൊലീസുകാരും കോടതി മുറി വരെ ആ ശബ്ദം കേട്ടില്ല.. എന്റെ അച്ഛന്റെ മനസ്സിന്റെ ആഴങ്ങളിൽ വരെ അതിന്റെ മാറ്റൊലി ചെന്നെത്തിയില്ലെ... ഇറങ്ങി പോടാ കള്ളാ എന്ന് അച്ഛനെന്നോട് പറഞ്ഞില്ലേ....അന്ന് ചങ്ക് പൊട്ടി ഇറങ്ങി പോയപ്പോൾ ഞാനെന്റെ മനസ്സിൽ കുറിച്ചിട്ടതാണ് എന്റെ അച്ഛന്റെ മുന്നിൽ മാത്രമെങ്കിലും ഞാൻ കള്ളൻ അല്ലെന്നു തെളിയിക്കേണ്ട ഈ മുഹൂർത്തം''
ദേവൻ എന്ന കഥാപാത്രത്തിന്റെ സങ്കടവും ദേഷ്യവും ഒക്കെ പ്രകടിപ്പിച്ച് ടി ദാമോദരന്റെ നെടുനീളൻ സംഭാഷങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച് മോഹൻലാൽ നിറഞ്ഞാടിയ രംഗം....ക്ലൈമാക്സിലെ സംഘട്ടന രംഗവും, അത് കഴിഞ്ഞ് ദേവൻ കോടതി മുറിയിൽ പൊട്ടിത്തെറിക്കുന്ന രംഗവും വളരെ മികച്ച രീതിയിൽ തന്നെ പ്രിയദർശൻ അവതരിപ്പിച്ചു.
ആര്യൻ സിനിമയ്ക്ക് 1987 ൽ റിലീസായ IV ശശി- കമൽഹാസൻ ടീമിന്റെ 'വ്രതം' എന്ന സിനിമയുടെ കഥയുമായി ഒട്ടേറെ സാദൃശ്യം ഉണ്ട്. വ്രതത്തിന്റെയും ആര്യന്റെയും തിരക്കഥാകൃത്ത് ടി ദാമോദരൻ ആണെന്നുള്ളതാണ് കൗതുകകരമായ കാര്യം..വ്രതത്തിന്റെ കഥ ബോംബ പശ്ചാത്തലത്തിൽ അവതരിപ്പിച്ചതാണ് ആര്യൻ എന്ന് വേണമെങ്കിൽ പറയാം.മോഹൻലാലിനെ കൂടാതെ തിക്കുറിശ്ശി, ബാലൻ കെ നായർ, കുതിരവട്ടം പപ്പു, രമ്യാകൃഷ്ണൻ, ശരത് സക്സേന തുടങ്ങിയവരും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു....
കൈതപ്രം-രഘുകുമാർ ടീമിന്റെ 'പൊന്മുരളി ഊതും കാറ്റിൽ' എന്ന മനോഹരമായ പാട്ടും ആര്യന്റെ മാറ്റ് കൂട്ടിയവയിൽ ഒന്നാണ്....നായകനും നായികയും ആടിപ്പാടാത്ത പാട്ട് രംഗങ്ങൾ, അത് പ്രിയദർശൻ സിനിമകളിൽ അപൂർവ്വമാണ്..... അത്തരത്തിൽ ഒന്നാണ് ആര്യനിലെ പാട്ട് രംഗങ്ങൾ... ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും ത്യാഗരാജൻ സംവിധാനം ചെയ്ത സംഘട്ടനങ്ങളും ട കുമാറിന്റെ ഛായാഗ്രഹണവും പ്രേക്ഷകർക്ക് ആവേശം നല്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു....
1988 Aug 27 ന്, റിലീസ് ചെയ്തതിന്റെ രണ്ടാം നാൾ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും മോണിങ് ഷോ കണ്ടതാണ് ഞാൻ ആര്യൻ.. കൊടുങ്ങല്ലൂരിൽ നിന്നും ഇത് വരെ എനിക്ക് റിലീസ് ദിവസം ടിക്കറ്റ് കിട്ടാത്ത ഒരേയൊരു മോഹൻലാൽ സിനിമയാണ് ആര്യൻ.... അത്യഭൂർവ്വമായ ജനത്തിരക്കായിരുന്നു ആര്യന് കൊടുങ്ങല്ലൂർ ഉണ്ടായിരുന്നത്..... അന്നത്തെ എട്ടാംക്ലാസ് ക്കാരനായ എനിക്ക് ആര്യൻ എന്ന സിനിമ നല്കിയ ആവേശം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുന്നതിനെക്കാൾ അപ്പുറമാണ്... ആര്യന് ശേഷം ഒരുപാട് ആക്ഷൻ ജോണറിലുള്ള സിനിമകൾ വന്നുവെങ്കിലും ഇന്നും എന്റെ ഇഷ്ട ആക്ഷൻ സിനിമ ''ആര്യൻ'' തന്നെയാണ്....
'പ്രിയദർശന് ഇങ്ങനേം സിനിമ പിടിക്കാൻ അറിയുമൊ' എന്നായിരുന്നു ആര്യൻ കണ്ടതിന് ശേഷം പ്രേക്ഷകർ പരസ്പരം ചോദിച്ചിരുന്നത്... മോഹൻലാൽ കൂടി നിർമ്മാണ പങ്കാളിയായ ചിയേഴ്സ് എന്ന ബാനറിന്റെ അവസാന സിനിമ കൂടിയായിരുന്നു ആര്യൻ. 1988 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ സിനിമകളിൽ ഒന്നായിരുന്നു ആര്യൻ.ആര്യനിലെ മികച്ച പെർഫോമൻസ് കൂടി കണക്കിലെടുത്ത് 1988ലെ സംസ്ഥാന അവാർഡ് (സ്പെഷ്യൽ ജൂറി) മോഹൻലാലിന് ലഭിച്ചിരുന്നു.
'ആര്യൻ'' എന്ന മികച്ച ആക്ഷൻ സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ടി ദാമോദരൻ, സംവിധായകൻ പ്രിയദർശൻ, ദേവനാരായണനായി തകർത്താടിയ മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു.