ന്യൂഡൽഹി: എന്തിനും ഏതിനും തലവച്ചു കൊടുക്കുന്ന നവമാദ്ധ്യമങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ അടി. രാജ്യത്തുണ്ടാകുന്ന വർഗീയ സംഘർഷങ്ങളുടെ ഉത്തരവാദിത്വമാണു സോഷ്യൽ മീഡിയക്കു കേന്ദ്രം ചാർത്തിക്കൊടുക്കുന്നത്.

കഴിഞ്ഞ നാല് മാസത്തിനിടെ 300 വർഗീയ സംഘർഷങ്ങളാണു രാജ്യത്ത് ഉണ്ടായതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഓരോമാസവും 75 വർഗീയ സംഘർഷങ്ങൾ ഉണ്ടാകുന്നു.

ഈ വർഷം ഒക്ടോബർ വരെ 630 വർഗീയ സംഘർഷങ്ങൾ ഉണ്ടായതായാണു റിപ്പോർട്ട് പറയുന്നത്. 86 ജീവനുകൾ നഷ്ടപ്പെട്ടു. 1899 പേർക്ക് പരുക്കേറ്റു. ഇസംഘർഷങ്ങൾക്ക് വഴിവെക്കുന്ന പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് സോഷ്യൽമീഡിയയെയാണ്.

എന്നാൽ, വലിയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ആരാധാനാലയം സംബന്ധിച്ച് ഫരീദാബാദിലെ അട്ടാലിയിലും ഗോമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയിലും ( മുഹമ്മദ് അഖ് ലാക് എന്ന അമ്പത് വയസുകാരനെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു) ഉണ്ടായ സംഘർഷം മാത്രമാണ് വലിയ വർഗീയ സംഘർഷങ്ങളായി റിപ്പോർട്ടിൽ എടുത്ത് പറയുന്നത്.

644 വർഗീയ സംഘർഷങ്ങളാണ് 2014 ൽ ഉണ്ടായത്. 2013 ൽ 823 ഉം. പ്രാദേശിക സ്വഭാവമുള്ളതും ചെറുതുമായിരുന്നു കലാപങ്ങളെല്ലാമെന്നാണ് റിപ്പോർട്ടിലുള്ളത്. കോൺഗ്രസ് എം പി ഭട്ടാചാര്യ അധ്യക്ഷനായ പാർലമെന്ററി സമിതിക്ക് മുമ്പാകെ ആഭ്യന്തരമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

അതേസമയം എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷം വർഗീയ സംഘർഷങ്ങൾ കുറഞ്ഞുവെന്നും ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കൽ, ലിംഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ഭൂമിക്ക് വേണ്ടിയുള്ള തർക്കം, രാഷ്ട്രീയ വൈരം, റോഡപകടം, വ്യക്തിവൈരാഗ്യം, സാമ്പത്തിക തർക്കം എന്നിവ വർഗീയകലാപമായി മാറിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതിനിടെ, ബിജെപി എംപിമാരുടെ വർഗീയ പരാമർശങ്ങളും അതുമൂലമുണ്ടായ സംഘർഷങ്ങളും റിപ്പോർട്ടിൽ മറച്ചുവച്ചതായി ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. വർഗീയ കലാപത്തെ കുറിച്ചുള്ള റിപ്പോർട്ടിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് മെഹർഷി ഇക്കാര്യം മറച്ചുവച്ചുവെന്നും ഇതാണ് ചർച്ച ചെയ്യേണ്ടതെന്നും സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ സിപിഐ എംപി ഡി രാജ ആവശ്യപ്പെട്ടു. യോഗത്തിൽ മെഹർഷി പങ്കെടുക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് സമർപ്പിച്ചത് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെയാണ്. വർഗീയ കലാപങ്ങളുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കാണെന്നും പ്രദേശത്തിന്റെ ക്രമസമാധാന ചുമതല സംസ്ഥാനത്തിനാണെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നുണ്ട്. കോൺഗ്രസ് എംപി പി ഭട്ടാചാര്യയാണ് സമിതി തലവൻ. 10 രാജ്യസഭാംഗങ്ങളും 21 ലോക്‌സഭാ എംപിമാരുമാണ് സമിതിയിലുള്ളത്.