റോം: അലക്ഷ്യമായി തെരുവിൽ സിഗരറ്റ് കുറ്റിയും മറ്റും വലിച്ചെറിയുന്നവർക്ക് നേരെ കടുത്ത നടപടികളുമായി ഇറ്റാലിയൻ സർക്കാർ. രാജ്യത്തെ ഗ്രീൻ ഇക്കോണമി ആക്കുന്നതിന്റെ ഭാഗമായി തെരുവിൽ സിഗരറ്റ് കുറ്റിയും ചൂയിങ് ഗമ്മും മറ്റും വലിച്ചെറിയുന്നവർക്കെതിരേ വൻ പിഴ ഈടാക്കുന്ന തരത്തിൽ പാർലമെന്റിൽ നിയമം പാസാക്കി.

തെരുവിലേക്ക് സിഗരറ്റ് കുറ്റി വലിച്ചെറിയുന്നവർക്ക് 300 യൂറോ പിഴ ഈടാക്കാനാണ് തീരുമാനം. ചൂയിങ് ഗം, കാപ്പിക്കപ്പുകൾ തുടങ്ങിയവ അലക്ഷ്യമായി റോഡിലേക്ക് തള്ളിയാലും 30 യൂറോ മുതൽ 150 യൂറോ വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം. മാലിന്യം എത്ര ചെറുതാണെങ്കിലും അവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല. ഗട്ടറുകൾ, പാതയോരം, ഓട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ ചെറുകിട മാലിന്യം നിക്ഷേപിച്ചാൽ പോലും പിഴ ഈടാക്കേണ്ടി വരും.

രാജ്യമെമ്പാടുമുള്ള മാലിന്യ പ്രശ്‌നങ്ങൾക്ക് അറുതി വരുത്താനും ഫോസിൽ ഫ്യൂവലിനെ ആശ്രയിക്കുന്നതു നിർത്തലാക്കാനും വേണ്ടിയാണ് ഇറ്റലിയിൽ പുതിയ നിയമം നടപ്പാക്കുന്നത്. അതേസമയം മാലിന്യ നിർമ്മാർജനത്തിൽ പൊതുജനങ്ങൾ മാത്രം ശ്രദ്ധ കൊടുത്താൽ പോര എന്നും നിയമത്തിൽ എടുത്തുപറയുന്നു. സിഗരറ്റ് കുറ്റികൾ നിക്ഷേപിക്കാനും മറ്റും പാതയോരത്തും പാർക്കിലും മറ്റും ആഷ്ട്രേകളും ബിന്നുകളും സ്ഥാപിക്കണമെന്നും കൗൺസിലുകൾക്ക് നിർദ്ദേശം നൽകുന്നുണ്ട്.


(ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ)