ജിദ്ദ: മാർച്ച് 29ന് പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ 32,000 വിദേശികൾ രാജ്യംവിട്ടു പോയതായി ആഭ്യന്തര മന്ത്രാലയം. അനധികൃതമായി താമസിക്കുന്ന പ്രവാസികൾ ഇല്ലാത്ത രാജ്യം എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം മാർച്ച് 29 മുതൽ മൂന്നുമാസം നീണ്ടു നിൽക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചത്.

പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ ഒരു ലക്ഷത്തോളം നിയമലംഘകരും അറസ്റ്റിലായിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുമാപ്പ് കാലാവധിയിൽ അനധികൃതരായി താമസിക്കുന്നവർക്ക് നിയമനടപടികൾക്ക് വിധേയരാകാതെ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യാം. പൊതുമാപ്പ് കാലാവധിക്കു ശേഷം ഇത്തരത്തിൽ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തുന്നവരെ നിയമലംഘകരായി തന്നെ കാണുകയും അവർ എല്ലാ വിധ പിഴകളും നിയമനടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പൊതുമാപ്പ് കാലാവധി ഇനി അമ്പതു ദിവസത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളൂ. പൊതുമാപ്പിനു കീഴിൽ സ്വദേശത്തേക്ക് മടങ്ങുന്നവരെ നാടുകടത്തിയതായി കണക്കാക്കില്ലെന്നും അവർക്ക് പിന്നീട് സൗദിയിലേക്ക് മടങ്ങി വരാൻ സാധിക്കുമെന്നും സർക്കാർ അറിയിക്കുന്നുണ്ട്. നിലവിൽ രാജ്യത്ത് പത്തു ലക്ഷത്തിലധികം വിദേശികൾ അനധികൃതമായി തങ്ങുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 285,000 പേർ അവരുടെ എംപ്ലോയറിൽ നിന്ന് ഒളിച്ചോടിയിട്ടുള്ളവരാണെന്നാണ് വിലയിരുത്തൽ. ഇതിനു മുമ്പ് നാലു വർഷം മുമ്പാണ് സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്.