പാലക്കാട്: മലബാർ സിമന്റ്‌സിൽ അഴിമതി നടന്നുവെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ എട്ടു വർഷത്തിനിടെ നടന്നത് 32 കോടിയുടെ അഴിമതിയാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത ആറു കേസിൽ നാലെണ്ണത്തിലും വ്യവസായിയായ വി എം രാധാകൃഷ്ണൻ പ്രതിയാണ്.

അതിനിടെ, അഴിമതിയും കെടുകാര്യസ്ഥതയും മൂലം മലബാർ സിമന്റ്‌സിൽ നഷ്ടം പെരുകുന്നതായി കണ്ടെത്തി സിഎജി തയ്യാറാക്കിയ റിപ്പോർട്ടും പുറത്തുവന്നു. 2010 മുതൽ 2013 വരെ 108 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. സ്വകാര്യകമ്പനികളുമായുണ്ടാക്കിയ വിവിധ കരാറുകളാണ് നഷ്ടം പെരുകാൻ കാരണം. നഷ്ടം വരുത്തുന്ന കരാറുകൾക്ക് പിന്നിൽ മാനേജ്‌മെന്റിന്റെ സ്വാർത്ഥതാൽപര്യം മാത്രമെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു.

മലബാർ സിമന്റ്‌സിലെ ഇടപാടുകളിൽ കോടികളുടെ അഴിമതി ആരോപണങ്ങൾ മുമ്പുതന്നെ ഉയർന്നിരുന്നതാണ്. ചില കേസുകളിൽ തൃശൂർ വിജിലൻസ് കോടതി മുമ്പാകെ കുറ്റപത്രവും സമർപ്പിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിലായി മലബാർ സിമന്റ്‌സിൽ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിച്ചതിന്റെ ഭാഗമായി സർക്കാരിന് 8.94 കോടിയുടെ നഷ്ടം സംഭവിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഡി എം സുന്ദരമൂർത്തി പ്രതിയാണ്. എന്നാൽ, കഴിഞ്ഞ ദിവസം കുമ്പസാരം നടത്തി വിശുദ്ധനാകാൻ സുന്ദരമൂർത്തി ശ്രമം നടത്തിയിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി. ഉണ്ണിയും ഈ കേസിന്റെ പ്രഥമവിവരറിപ്പോർട്ടിൽ പ്രതിസ്ഥാനത്തുണ്ട്.

സുന്ദരമൂർത്തിയുടെ മൊഴി പ്രകാരം ചെട്ടിനാട് സിമന്റ്്‌സിലെ പ്രധാന കരാറുകാരനായ എ.ടി. ബാവയാണ് സുന്ദരമൂർത്തിയെ മലബാർ സിമന്റ്‌സ് എം.ഡി സ്ഥാനത്തേക്ക് ആദ്യം ശിപാർശ ചെയ്തത്. തുടർന്ന് വിവാദ വ്യവസായി വി. എം. രാധാകൃഷ്ണനും മുൻ എം.ഡി എൻ.ആർ. സുബ്രഹ്മണ്യനും കോയമ്പത്തൂരിൽ സുന്ദരമൂർത്തിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ചെട്ടിനാട് സിമന്റ്‌സിൽ ലഭിച്ചിരുന്ന ശമ്പളത്തിന്റെ പകുതി ശമ്പളത്തിനാണ് അദ്ദേഹം മലബാർ സിമന്റ്‌സിലേക്ക് വരുന്നത്. ഇന്റർവ്യൂവിന് പോകാനും തിരുവനന്തപുരത്ത് താമസിക്കാനും എല്ലാം സഹായം ചെയ്തത് രാധാകൃഷ്ണനാണെന്ന് സുന്ദരമൂർത്തിയുടെ മൊഴിയിലുണ്ട്. തുടർന്നുള്ള മൊഴികളിലെല്ലാം രാധാകൃഷ്ണൻ ചെലുത്തിയ സ്വാധീനത്തെപ്പറ്റിയാണ് സുന്ദരമൂർത്തി വിവരിക്കുന്നത്. കമ്പനിയിൽ നടന്ന മുഴുവൻ ഇടപാടുകളും എന്തിന് എം.ഡി അയയ്ക്കുന്ന കത്തുകളിൽ പോലും രാധാകൃഷ്ണന്റെ സ്വാധീനമുണ്ടായിരുന്നെന്നാണ് സുന്ദരമൂർത്തിയുടെ മൊഴി. അതിന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം പിന്തുണ നൽകിയിരുന്നതായും മൊഴിയിലുണ്ട്.

വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് 32 കോടിയുടെ അഴിമതി എട്ടുവർഷത്തിനിടെ നടന്നതായുള്ള വിജിലൻസിന്റെ കണ്ടെത്തൽ പുറത്തുവരുന്നത്. അഴിമതി അന്വേഷണം നേരിടുമ്പോഴും മലബാർ സിമന്റ്‌സിൽ അഴിമതി തുടരുന്നൂവെന്ന് തെളിയിക്കുന്ന സി.എ.ജി റിപ്പോർട്ടും പുറത്തുവന്നു. സ്വകാര്യകമ്പനികളിൽ നിന്ന് ഗുണനിലവാരമില്ലാത്ത കൽക്കരി വാങ്ങിയതിൽ മാത്രം മൂന്ന് വർഷം കൊണ്ടുണ്ടായത് 26 കോടിയുടെ നഷ്ടമാണ്. ഡ്രൈ ആഷും സിലിങ്കറും വാങ്ങിയതിൽ 1.25 കോടിയുടെയും സ്വകാര്യകമ്പനികളുടെ മറ്റ് കരാർ വഴി 18 കോടിയുടെയും നഷ്ടമുണ്ടായി. നിയമപ്രകാരം ഈ നഷ്ടം കരാർ കമ്പനിയിൽ നിന്ന് ഈടാക്കാമായിരുന്നെങ്കിലും മാനേജ്‌മെന്റ് കണ്ണടച്ചു. മാത്രവുമല്ല ഇതേ കമ്പനികൾക്ക് വീണ്ടും അതേകരാർ നൽകിയത് നഷ്ടത്തിന് പിന്നിൽ അഴിമതിയെന്ന് ഉറപ്പിക്കുകയാണ് റിപ്പോർട്ട്.

പൂട്ടിപ്പോയ ചേർത്തലയിലെ ഫാക്ടറിക്കായി ചെലവാക്കിയതിലും നികുതിയടക്കുന്നതിലെ മനപ്പൂർവമുള്ള കാലതാമസത്താലും 23 കോടിയുടെ നഷ്ടമുണ്ട്. ഭക്ഷണകൂപ്പണും തൊഴിലാളികളുടെ പി.എഫും തുടങ്ങി വാഹനകരാറിൽ വരെ ക്രമക്കേടും കണ്ടെത്തുന്നു. ഇതിനെല്ലാം എം.ഡി ഉൾപ്പെടെയുള്ളവരെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികൾക്ക് പരസ്യം നൽകരുതെന്ന നിയമം ലംഘിച്ച് ഇടത് അനുകൂലസംഘടനകൾക്ക് 9 ലക്ഷത്തിന്റെ പരസ്യം നൽകിയതായും കണ്ടെത്തി. ഇതോടെ അഴിമതിക്കൊപ്പം മാനേജ്‌മെന്റിന്റെ രാഷ്ട്രീയബന്ധത്തിലേക്കും സി.എ.ജി റിപ്പോർട്ട് വിരൽചൂണ്ടുന്നുണ്ട്.