ഓക്ക്‌ലാൻഡ്: രാജ്യത്ത് കുതിച്ചുയരുന്ന വീടുവിലയ്ക്ക് കടിഞ്ഞാണിടാൻ പ്രോപ്പർട്ടി ടാക്‌സ് ഏർപ്പെടുത്തി സർക്കാർ. വീടു വാങ്ങി രണ്ടു വർഷത്തിനകം വിറ്റാൽ 33 ശതമാനം നികുതി അടയ്‌ക്കേണ്ടി വരുന്ന രീതിയിലാണ് സർക്കാർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം വീടു വാങ്ങി അതിൽ താമസിക്കുന്നവർക്ക് ഇത്തരത്തിൽ നികുതി അടയ്‌ക്കേണ്ടി വരില്ലെന്നാണ് പ്രധാനമന്ത്രി ജോൺ കീ വ്യക്തമാക്കിയിരിക്കുന്നത്.

ഓക്ക്‌ലാൻഡ് പ്രോപ്പർട്ടി മാർക്കറ്റിൽ അടുത്തകാലത്തായി കുത്തനെ വില വർധിക്കുന്നതായാണ് കണ്ടുവരുന്നത്. 2008-നു ശേഷം വീടു വിലയിൽ 60 ശതമാനം വില വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വീടു വാങ്ങി രണ്ടു വർഷത്തിനുള്ളിൽ അതു വിൽക്കുന്നവർ അതിൽ ലഭിക്കുന്ന ലാഭത്തിന്റെ ഒരുവിഹിതമാണ് സർക്കാരിലേക്ക് അടയ്‌ക്കേണ്ടതെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. എന്നാൽ 33 ശതമാനം നികുതി ഏർപ്പെടുത്തുത്തിയത് കുതിച്ചുയരുന്ന ഹൗസിങ് മാർക്കറ്റിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടെ തന്നെയാണെന്നാണ് വിദഗ്ദ്ധർ
വിലയിരുത്തുന്നത്.

എന്നാൽ ന്യൂസാലിൻഡിൽ പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്തുന്ന വിദേശീയരായതിനാൽ അത് വിദേശ നിക്ഷേപകരെ ലക്ഷ്യം വച്ചുകൊണ്ടാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം രാജ്യത്തെ വിദേശ നിക്ഷേപകരുടെ എണ്ണത്തിൽ വൻ കുറവ് വരുത്തുമെന്ന് വിലയിത്തുന്നുണ്ട്. അതേസമയം ഇത്തരത്തിൽ നികുതി ഏർപ്പാടാക്കിയത് വരും മാസത്തിൽ കൂടുതൽ കച്ചവടം നടത്താൻ സാധ്യത ഉള്ളതായി പറയപ്പെടുന്നു. വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് ഇപ്പോൾ ഒട്ടനവധി വെബ് സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ വൻ കച്ചവടമായിരിക്കും അരങ്ങേറുകയെന്നും റിപ്പോർട്ടുണ്ട്. ഒക്ടോബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അതിനു മുമ്പ് ഏറെ കച്ചവടം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഏജന്റുമാർ  ഇപ്പോൾ പ്രവർത്തിക്കുക.

നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാരിന്റെ പ്രഖ്യാപനത്തെ തുടർന്ന് ന്യൂസിലാൻഡ് ഡോളറിന്റെ വില വീണ്ടും ഇടിഞ്ഞു. 74.26 യുഎസ് സെന്റിലേക്കാണ് കിവി ഡോളർ കൂപ്പുകുത്തിയത്. ഡോളർ വില  ഇടിഞ്ഞതോടെ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ടുണ്ട്.