ർധ സൈനിക വിഭാഗങ്ങളിൽ സ്ത്രീ പുരുഷ സമത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി 33 ശതമാനം സംവരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സി.ആർ.പി.എഫിലും സിഐഎസ്.എഫിലും 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കും. ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നീ സേനാ വിഭാഗങ്ങളിൽ 15 ശതമാനം സംവരണവും ഏർപ്പെടുത്തും.

അഞ്ച് അർധസൈനിക വിഭാഗങ്ങളിലായി ഒമ്പതുലക്ഷത്തോളം പേരാണ് ഇപ്പോൾ ജോലി ചെയ്യുന്നതിൽ ഇതിൽ സ്ത്രീകൾ 20,000-ത്തോളം മാത്രവും. എന്നാൽ, സെൻട്രൽ റിസർവ് പൊലീസ് സേനയിലും കേന്ദ്ര വ്യവസായ സംരക്ഷണ സേനയിലും സ്ത്രീ പ്രാതിനിധ്യം ഉയരുന്നതോടെ ഈ നിലയ്ക്ക് ഗണ്യമായ മാറ്റം വരും. മറ്റു സേനകളിൽ 15 ശതമാനം സംവരണവും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും.

ചൊവ്വാഴ്ച ചേർന്ന ഉന്നത തല യോഗത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് തീരുമാനം പ്രഖ്യാപിച്ചത്. കോൺസ്റ്റബിൾ തലത്തിലായിരിക്കും തൽക്കാലം സ്ത്രീസംവരണം നടപ്പാക്കുക. സ്ത്രീ ശാക്തീകരണം സംബന്ധിച്ച സമിതിയുടെ ശുപാർശയനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്.

ലോകത്തെ ഏറ്റവും വലിയ അർധസൈനിക വിഭാഗമാണ് കേന്ദ്ര റിസർവ് പൊലീസ് സേന. മാവോവാദി, നക്‌സൽ പോലുള്ള തീവ്രവാദ സംഘടനകളുടെ പ്രവർത്തന മേഖലകളിൽ ക്രമസമാധാനം ഉറപ്പാക്കേണ്ട ചുമതല സി.ആർ.പി.എഫിനാണ്. ഇപ്പോൾ സേനയിൽ 6300 സ്ത്രീകൾ മാത്രമാണുള്ളത്.

ഡൽഹി പൊലീസിലും വെറും ഒമ്പത് ശമാനം സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുന്നത്. ഇത് 33 ശതമാനമായി ഉയർത്താൻ കഴിഞ്ഞ മാർച്ചിൽ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഡൽഹി പൊലീസിലെ നോൺ ഗസറ്റഡ് തസ്തികകളിലേക്കാണ് സ്ത്രീ സംവരണം നടപ്പിലാക്കുന്നത്. അതേ മാതൃകയാണ് ഇപ്പോൾ അർധ സൈനിക വിഭാഗങ്ങളിലും പിന്തുടരുക.