- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരെ പ്രണയാതുരരാക്കിയ ക്ലാരയും മഴയും; പത്മരാജൻ ക്ലാസിക്കിന്റെ മുപ്പത്തിയഞ്ചാം വർഷത്തിൽ സഫീർ അഹമ്മദ് എഴുതുന്നു 'രാധയുടെയും ജയകൃഷ്ണന്റെയും തൂവാനത്തുമ്പികൾ'
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന ഒരു ദിവസമാണ് ജൂലൈ മുപ്പത്തിയൊന്ന്,പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന സിനിമ റിലീസായ ദിവസമെന്ന നിലയിൽ..പതിവ് പോലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നില്ക്കുകയാണ് തൂവാനത്തുമ്പികളും ക്ലാരയും ജയകൃഷ്ണനും മഴയും അവരുടെ പ്രണയവും ഒക്കെ..യഥാർത്ഥത്തിൽ തൂവാനത്തുമ്പികൾ പറയുന്നത് ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയം ആണൊ??അല്ല എന്നും മറിച്ച് രാധയുടെയും ജയകൃഷ്ണന്റെയും പ്രണയ കഥയാണെന്നുമാണ് എന്റെ പക്ഷം..
സത്യത്തിൽ ക്ലാരയോട് ജയകൃഷ്ണന് തോന്നുന്നത് പ്രണയം ഒന്നുമല്ല..ക്ലാരയുടെ ആദ്യ പുരുഷൻ താനാണെന്ന് അറിഞ്ഞതിലൂടെ ഉണ്ടാകുന്ന കുറ്റബോധവും വേദനയും സഹതാപവും ഒക്കെയാണ് ജയകൃഷ്ണനെ ക്ലാരയിലേക്ക് അടുപ്പിക്കുന്നത്..എന്നാൽ പാടവരമ്പിലൂടെ തന്റെ മുന്നിൽ എത്തിയ,അല്പം ധിക്കാരത്തോടെ പെരുമാറുന്ന രാധ എന്ന ഉണ്ടക്കണ്ണിയോട് ആദ്യ കാഴ്ചയിൽ തന്നെ ജയകൃഷ്ണന് പ്രണയം മൊട്ടിടുന്നുണ്ട്..മുൻവിചാരം ഇല്ലാതെ രാധയോട് തന്റെ ഇഷ്ടം പറയുന്നിടത്താണ് ജയകൃഷ്ണന് പാളിച്ച പറ്റുന്നത്..ആദ്യമായി പ്രൊപ്പോസ് ചെയ്ത പെൺകുട്ടി തന്നെ നിരാകരിച്ചതിലൂടെ ജയകൃഷ്ണൻ ശരിക്കും അടി പതറുന്നുണ്ട്..രാധയിൽ നിന്നും അയാളത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല..
കുടുംബ മഹിമ,പണം,അകന്ന ബന്ധു എന്നീ കാരണങ്ങൾ കൊണ്ട് രാധ തന്റെ ഇഷ്ടം/വിവാഹാഭ്യർത്ഥന സ്വീകരിക്കുമെന്ന് തന്നെയാണ് ജയകൃഷ്ണൻ ഉറച്ച് വിശ്വസിച്ചിരുന്നത്..എന്നാൽ രാധയുടെ ആ തിരസ്കരണം അയാളെ വല്ലാതെ ഉലച്ചു..കൂട്ടുകാരനായ ഋഷിയോട് ജയകൃഷ്ണൻ പറയുന്നുമുണ്ട് ഈ കാര്യം..അങ്ങനെ മാനസികമായി തകർന്നിരിക്കുമ്പോഴാണ് തങ്ങൾ എന്ന പിമ്പിലൂടെ ജയകൃഷ്ണൻ ക്ലാരയെ കണ്ട് മുട്ടുന്നത്..രാധ തന്റെ വിവാഹഭ്യർത്ഥന നിരസിച്ചതിലുള്ള ദേഷ്യവും നിരാശയും ഒക്കെയാണ് ക്ലാരയുമായി ബന്ധപ്പെടുന്നതിലേക്കും തന്റെ വെർജിനിറ്റി കളയുന്നതിലേക്കും ജയകൃഷ്ണനെ കൊണ്ടെത്തിച്ചത്..എന്നാൽ ക്ലാര വെർജിൻ ആണെന്ന് ജയകൃഷ്ണന് അറിയുമായിരുന്നില്ല..അറിഞ്ഞിരുന്നുവെങ്കിൽ ഉറപ്പായും ജയകൃഷ്ണൻ അത്തരം ഒരു ബന്ധത്തിന് തയ്യാറാകുമായിരുന്നില്ല..
മദ്യപിച്ച് ഫിറ്റായി രാത്രി കടപ്പുറത്ത് കിടക്കുമ്പോൾ ജയകൃഷ്ണൻ ക്ലാരയോട് പറയുന്നുണ്ട് ഒരു പെൺകുട്ടിയുടെയും നാശം തന്നിലൂടെ ആകരുതേ എന്നായിരുന്നു മനസിൽ എന്ന്..അതുകൊണ്ട് തന്നെയാണ് കുടുംബ മഹിമ ഒന്നും നോക്കാതെ ക്ലാരയെ ഞാൻ മ്യാരി ചെയ്യട്ടെ എന്ന് ജയകൃഷ്ണൻ ചോദിക്കുന്നതും..തൂവാനത്തുമ്പികളിൽ മോഹൻലാലിന്റെ ഒട്ടനവധി സൂക്ഷമാഭിനയ മികവ് വിളിച്ചോതുന്ന രംഗങ്ങൾ ഉണ്ടെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു രംഗമുണ്ട്, വടക്കുംനാഥൻ ക്ഷേത്രത്തിന്റെ ആൽത്തറയിൽ ചെരിഞ്ഞ് കിടന്ന് കൊണ്ട് ക്ലാരയെ കുറിച്ച് ജയകൃഷ്ണൻ രാധയോട് പറയുന്ന രംഗം..ക്ലാര ഇനിയും വന്നാൽ 'എനിക്ക് തന്നെ ഉറപ്പില്ല എന്നെ കുറിച്ച്' എന്ന് രാധയോട് പറയുമ്പോൾ ഉള്ള ജയകൃഷ്ണന്റെ ഭാവം,ക്ലാര ഇനി വരുമ്പോൾ പഴയ ക്ലാര ആയിരിക്കില്ല എന്ന് രാധ പറയുമ്പോൾ 'നേരൊ' എന്ന് ജയകൃഷ്ണൻ ചോദിക്കുമ്പോഴുള്ള കണ്ണിലെ തിളക്കവും ഭാവവും..അതി മനേഹരമാണത്..
ക്ലാര വന്നാൽ തനിക്ക് തന്നെ നിയന്ത്രിക്കാൻ സാധിക്കില്ല എന്ന നിസ്സഹായതയും,ക്ലാര ഇനി വന്നാൽ തന്നെ പഴയ ക്ലാര ആയിരിക്കില്ല എന്ന് കേൾക്കുമ്പോഴുള്ള ആശ്വാസവും പ്രതീക്ഷയും ഒക്കെ ഞൊടിയിടയിലാണ് ജയകൃഷ്ണനിലൂടെ,മോഹൻലാലിലൂടെ മിന്നി മറയുന്നത്..എന്തുകൊണ്ട് മോഹൻലാൽ മലയാള സിനിമയിലെ അല്ലെങ്കിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കരുതപ്പെടുന്നു??എന്തുകൊണ്ട് മോഹൻലാലിന്റെ അഭിനയ മികവിനെ ഇത്രയധികം വാഴ്ത്തിപ്പാടുന്നു??ഇതിന് ഉത്തരമായി ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ചൂണ്ടിക്കാണിക്കാമെങ്കിലും സ്വഭാവികമായ അഭിനയത്തോടൊപ്പം മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്ന ഇത്തരം സൂക്ഷ്മമായ ഭാവങ്ങളാണ് അദ്ദേഹത്തെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്,അവരെക്കാൾ മികച്ച നടനാക്കുന്നത്..
തൂവാനത്തുമ്പികൾ എന്നാൽ രാധയോട് എല്ലാം തുറന്ന് പറയുന്ന ജയകൃഷ്ണന്റെയും, ജയകൃഷ്ണൻ-ക്ലാര ബന്ധം അറിഞ്ഞിട്ടും നിറഞ്ഞ മനസോടെ ജയകൃഷ്ണനെ സ്വീകരിക്കുന്ന രാധയുടെയും പ്രണയക്കഥ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം..