ന്യൂഡൽഹി: ആഭ്യന്തര കലാപം ശക്തമായിരിക്കുന്ന ആം ആദ്മി പാർട്ടിയിൽ വീണ്ടും കൂട്ടത്തോടെ കൊഴിഞ്ഞുപോക്ക്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 350 വോളന്റിയർമാരാണ് പാർട്ടി വിട്ട് പോയത്. പാർട്ടിയുടെ സ്ഥാപക നേതാക്കളും പുറത്താക്കപ്പെട്ടവരുമായ പ്രശാന്ത് ഭൂഷൻ, യോഗേന്ദ്ര യാദവ് എന്നിവർ രൂപം നൽകിയ സ്വരാജ് ആഭിയാനിൽ ചേരാനാണ്  350 വോളന്റിയർമാർ ആം ആദ്മി വിട്ടതെന്ന് പറയപ്പെടുന്നു.

ആം ആദ്മിയുടെ കള്ളക്കളികൾ വെളിച്ചത്തുകൊണ്ടു വരുന്ന സാഹചര്യത്തിൽ ഇനിയും കൂടുതൽ പേർ പാർട്ടി ഉപേക്ഷിക്കുമെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നുമാണ് എഎപി മുൻ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ മാരുതി ബാപ്കർ പറയുന്നത്. എഎപി വിട്ടവർ സ്വരാജ് ആഭിയാന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന തരത്തിലുള്ള  എഎപിയുടെ നടപടി പുറത്തുകൊണ്ടുവരികയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാപ്കർ ചൂണ്ടിക്കാട്ടി.

എഎപിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായവരാണ് പാർട്ടി ഉപേക്ഷിക്കുന്നതെന്നും മഹാരാഷ്ട്രയിൽ അങ്ങോളമിങ്ങോളമുള്ളവർ സ്വരാജ് ആഭിയാനിൽ ചേർന്നുകഴിഞ്ഞുവെന്നും ബാപ്കർ വ്യക്തമാക്കുന്നു. എഎപി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച രീതി ഏവരേയും അലോസരപ്പെടുത്തിയെന്നും ഡൽഹിയിലെ കിസാൻ റാലിക്കിടെ മുതിർന്ന നേതാക്കളുടെ പ്രസ്താവനകൾ തങ്ങളെ പാർട്ടി വിടാൻ പ്രേരിപ്പിച്ചെന്നുമാണ് ബാപ്കർ പറയുന്നത്. ഇനി സ്വരാജ് ആഭിയാന് പിന്തുണ നൽകുമെന്നും എഎപി വിട്ടവർ വ്യക്തമാക്കുന്നുണ്ട്.
മുംബൈ, വിദർഭ, നാസിക്, പൂണെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വോളന്റിയർമാരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ബാപ്കർ അവകാശപ്പെടുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ നിന്നും കൂട്ടത്തോടെ വോളന്റിയർമാർ കൊഴിഞ്ഞുപോകുന്നത് എഎപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിർന്ന മറ്റൊരു നേതാവ് മായങ്ക് ഗാന്ധിയും രംഗത്തെത്തി.

പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വരാജ് ആഭിയാൻ മിക്ക നഗരങ്ങളിലും ഒട്ടേറെ കാമ്പയിനുകളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിനൊക്കെ മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.  മോഗയിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കളെ യാദവ് സന്ദർശിച്ചിരുന്നു. അതേസമയം ലുധിയാനയിൽ ഭൂഷന്റെ നേതൃത്വത്തിൽ അരങ്ങേറിയ സ്വരാജ് സംവദ് റാലി വൻ പ്രതികരണമാണ് സൃഷ്ടിച്ചത്.