ന്യുഡൽഹി: ഐഎസ് ഭീകരർ ആ 39 ഇന്ത്യൻ തൊഴിലാളികളെയും കൊലപ്പെടുത്തിയത് ഒരു വർഷം മുമ്പെന്ന് ഇറാഖിന്റെ വശദീകരണം. എല്ലാവരെയും വെടിവച്ചാണ് കൊലപ്പെടുത്തിയത്. മിക്കവരുടെയും തലയക്കാണ് വെടിയേറ്റതെന്നും ഫോറൻസിക് പരിശോധന ഫലത്തെ ഉദ്ധരിച്ച് ഇറാഖ് വ്യക്തമാക്കി.

എല്ലാവരെയും ഒരുമിച്ച് കൊലപ്പെടുത്തിയ ശേഷം മൊസൂളിനു സമീപം ബാദുഷ് കുന്നിൽ കൂട്ടത്തോടെ കുഴിച്ചിടുകയായിരുന്നു. ഈ കുഴികളിൽ നിന്നും ഇവരുടെ മൃതദേഹത്തിന്റെ അസ്ഥികൂടങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്.

മിക്ക മൃതദേഹങ്ങളുടെയും എല്ലുകൾ മാത്രമാണ് ലഭിച്ചത്. ഫോറൻസിക് പരിശോധനയിൽ നിന്നാണ് ഇവയ്ക്ക് ഒരു വർഷം പഴക്കമുണ്ടെന്ന് വ്യക്തമായത്. ഇറാഖ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഫോറൻസിക് മെഡിസിൻ വിഭാഗമാണ് പരിശോധന നടത്തിയത്.

മൃതദേഹ അവശിഷ്ടങ്ങൾ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം അടുത്തയാഴ്ച ഇന്ത്യൻ എംബസിക്ക് കൈമാറും. അതേസമയം, ഇറാഖ് ആരോഗ്യമന്ത്രാലയത്തിന് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

ഇന്ത്യാ സർക്കാർ അയച്ചുനൽകിയ രക്ത സാംപിൾ അടക്കമുള്ള ഡി.എൻ.എ സാംപിളുകൾ ഉപയോഗിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞ ഇറാഖ് ഫോറൻസിക് വകുപ്പിന്റെ കഠിനാധ്വാനത്തെ മാനിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിൻെ് വെബ്സൈറ്റിൽ നൽകിയ വാർത്തക്കുറിപ്പിൽ പറയുന്നു.

2014 ജൂണിലാണ് ഇന്ത്യൻ തൊഴിലാളികളെ മൊസൂളിൽ നിന്ന് ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവർ കൊല്ലപ്പെട്ട വിവരം ചൊവ്വാഴ്ചയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ അറിയിച്ചത്.