- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ മൂന്നാഴ്ചത്തെ ആൾക്കൂട്ടങ്ങൾ അപകട സൂചന; അടുത്ത രണ്ടു മുതൽ നാല് ആഴ്ചയ്ക്കുള്ളിൽ മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാംതരംഗം എത്തിയേക്കാം; മുന്നറിയിപ്പുമായി ടാസ്ക്ഫോഴ്സ്
മുംബൈ: കഴിഞ്ഞ മൂന്നുദിവസത്തെ ആൾക്കൂട്ടങ്ങളെ സൂചകങ്ങളായി പരിഗണിച്ചാൽ, അടുത്ത രണ്ടുമുതൽ നാലാഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്ക് ഫോഴ്സാണ് മുന്നറിയിപ്പ് നൽകിയത്.
രണ്ടാംതരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളിൽ യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നു. കരുതലോടെയും കോവിഡ് സാഹചര്യത്തിന് യോജിക്കുന്ന പെരുമാറ്റവും പുലർത്താത്തപക്ഷം നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്ക് ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.
കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്ക്ഫോഴ്സ് നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ടാസ്ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തിൽ 19 ലക്ഷം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തിൽ 40 ലക്ഷം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിൽ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് എട്ടുലക്ഷത്തിലേക്ക് എത്തിയേക്കാം. ആദ്യ രണ്ടുതരംഗങ്ങൾക്ക് സമാനമായി മൂന്നാംതരംഗത്തിലും പത്തുശതമാനം കേസുകൾ കുട്ടികളിൽനിന്നോ യുവാക്കളിൽനിന്നോ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്നും ടാസ്ക് ഫോഴ്സ് വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക്