റിയാദ്: പ്രവാസികൾക്ക് ആശ്വസിക്കാം. നിതാഖാത് മൂന്നാം ഘട്ടം നടപ്പാക്കുന്നത് നീട്ടി വച്ചുകൊണ്ട് തൊഴിൽ മന്ത്രി ആദിൽ ഫക്കീഹ് പ്രസ്താവനയിറക്കി. ഈ മാസം 20ന് ആരംഭിക്കാനിരുന്ന നിതാഖാത് മൂന്നാം ഘട്ടമാണ് മാറ്റിവച്ചത്. അടുത്തിടെ തൊഴിൽ മന്ത്രാലയം നടപ്പിലാക്കിയ തൊഴിൽ നിയമഭേദഗതികൾ നടപ്പാക്കാൻ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും കൂടുതൽ സമയം നല്കാനാണ് നിതാഖാത് മൂന്നാം ഘട്ടം നീട്ടിവച്ചത്. വ്യവസ്ഥകൾ പാലിക്കാൻ കൂടുതൽ സമയം തൊഴിലുടമകളും സ്ഥാപനങ്ങളും നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

സൗദ് തൊഴിൽ വിപണിയെ സ്വദേശികളെ ആകർഷിക്കുന്ന തരത്തിൽ പാകപ്പെടുത്തുക, ഇവിടുത്തെ തൊഴിലന്വേഷകർക്ക് കൂടുതൽ അവസരം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് നിതാഖാത് മൂന്നാം ഘട്ടം രൂപകല്പന ചെയ്തിരിക്കുന്നത്. അതേസമയം ധൃതിപിടിച്ച് നിതാഖാത് മൂന്നാം ഘട്ടം നടപ്പാക്കിയാൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയേയും റീട്ടെയ്ൽ, ഹോൾസെയിൽ, നിർമ്മാണ മേഖല, മാനുഫാക്ചറിങ് സെക്ടറുകൾ ഇവിടങ്ങളിൽ വിപരീത ഫലമായിരിക്കും ഉളവാക്കുകയെന്നും പല ഭാഗങ്ങളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. നിലവിൽ സൗദിവത്ക്കരണത്തിന്റെ തോത് ഉയർത്തുന്നത് ജോബ് മാർക്കറ്റിൽ നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുകയെന്നും കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് മന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി തൊഴിലാളികളെ പെട്ടെന്നു തന്നെ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകളും സിഎസ്സി ചൂണ്ടിക്കാട്ടി.

സൗദിസ്വദേശികളുടെ എണ്ണം ചെറുകിട കമ്പനികളിൽ 25 ശതമാനത്തിൽ നിന്നു 41 ശതമാനമായും, വൻകിട ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങൾ 29 ശതമാനത്തിൽ നിന്ന് 44 ശതമാനമായും വൻ സംരംഭങ്ങൾ 29 ശതമാനത്തിൽ നിന്ന് 66 ശതമാനമായും ഉയർത്തുക എന്നതാണ് മൂന്നാം ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഇതു നടപ്പാക്കാനും പദ്ധതിയുണ്ടായിരുന്നു.