ബെർലിൻ: അഭയാർത്ഥികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ജർമനി 4000 അധികം സൈനികരെ വിന്യസിക്കുമെന്ന് പ്രതിരോധമന്ത്രി ഉർസുല വോൺ ഡേർ ലയേൻ വ്യക്തമാക്കി. ദക്ഷിണ മേഖലയിൽ നിന്നും 40000 അഭയാർത്ഥികളുടെ പ്രവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് അനുഭവിക്കുന്ന ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ഒരു രാജ്യത്തിന് ഒറ്റയ്ക്ക് പരിഹരിക്കാൻ സാധിക്കാത്ത തരത്തിലേക്ക് ഈ പ്രശ്‌നം വളർന്നു കഴിഞ്ഞു. അതിനാൽ തന്നെ യൂറോപ്യൻ യൂണിയന്റെ ഒരുമിച്ചു ചേർന്നുള്ള പ്രവർത്തനമാണ് ഇവിടെ വേണ്ടതെന്ന് വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാൾട്ടർ വ്യക്തമാക്കി.

ജർമൻ ആർമി അഭയം തേടിയെത്തുന്നവർക്ക് സഹായകമാവുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ സൈന്യത്തെ വിന്യസിക്കുമെന്നും ഫെഡറൽ സ്‌റ്റേറ്റുകൾക്ക് ആവശ്യമുള്ളപ്പോൾ ഇവരുടെ ഇടപെടൽ ഉണ്ടാകുമെന്നും ഔദ്യോഗിക വക്താവ് വ്യക്തമാക്കി. അഭയാർഥി ക്യാംപ് ഏർപ്പെടുത്തുന്നതിനും വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനും മെഡിക്കൽ സർവ്വീസ് നൽകുന്നതിനും ഇവർ സഹായിക്കും.