പെരുമ്പാവൂർ: ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ വാർദ്ധക്യത്തിന്റെ അവശതകളും രോഗാവസ്ഥകളും വേട്ടയാടിയാണ് ജിഷയുടെ പിതാവ് ഇന്നലെ മരണപ്പെട്ടത്. വീടിന് സമീപത്തെ റോഡിൽ വീണാണ് പാപ്പു മരിച്ചത്. ഭക്ഷണം വെച്ചു നൽകാനോ മറ്റ് സഹായങ്ങളോ ഒന്നുമില്ലാതെയായായിരുന്നു പാപ്പുവിന്റെ അന്ത്യം സംഭവിച്ചത്. പാപ്പുവിന്റെ കൈയിൽ പണമൊന്നും ഇല്ലെന്നാണ് നാട്ടുകാരും കരുതിയിരുന്നത്. എന്നാൽ, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളായിരുന്നു.

കയ്യിൽ മൂവായിരത്തിൽപ്പരം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്നത് 452000 രൂപ. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ സമ്പാദ്യത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഉടുതുണിക്ക് മറുതുണിയില്ലാതെ അവശതകളുമായി കഴിഞ്ഞിരുന്ന പാപ്പുവിന്റെ കൈവശം ഇത്രയും തുക എത്തിയത് എങ്ങിനെ എന്ന കാര്യത്തിൽ ബന്ധുക്കൾക്കും അടുപ്പക്കാരായ നാട്ടുകാർക്കും ഇനിയും ഒരെത്തും പിടിയുമില്ല.

ഇന്നലെ ഉച്ചയോടെ വീടിനടുത്ത് വെസ്റ്റേൺ ഡയറി ഫാമിന് സമീപം റോഡിൽ പാപ്പുവിന്റെ മൃതദ്ദേഹം കാണപ്പെട്ടത്. വൈകുന്നേരം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകൾ വ്യക്തമായത്. ഷട്ടിന്റെ പോക്കറ്റിൽ നിന്നും മൂവായിരത്തോളം രൂപ പൊലീസ് കണ്ടെടുത്തു.കൈയിൽ കരുതിയിരുന്ന ബാഗിൽ നിന്നും കണ്ടെടുത്ത എസ് ബി ഐ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പരിശോധിച്ചപ്പോൾ പാപ്പുവിന്റെ അക്കൗണ്ടിൽ കഴിഞ്ഞ സെപ്റ്റംമ്പർ 17-ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.ഇതേക്കുറിച്ച് പൊലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളോട് പ്രാഥമീക വിവരശേഖരണം നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.

മകളുടെ മരണാനന്ദര ആനൂകുല്യമായി ഒരു രൂപപോലും പാപ്പുവിന് ലഭിച്ചിട്ടില്ലന്ന് സ്ഥത്തുണ്ടായിരുന്ന ദളിത് സംഘടനാ പ്രവർത്തകൻ ഒർണ കൃഷ്ണൻകുട്ടി മറുനാടനോട് വ്യക്തമാക്കിയിരുന്നു. കഷ്ടത അനുഭവിക്കുന്ന പാപ്പുവിന് വേണ്ടി നിയമ സഹായമെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ആളാണ് താനെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പു ലക്ഷാധിപതിയായിരുന്നെന്ന പൊലീസ് കണ്ടെത്തൽ പുറത്ത് വന്നിട്ടുള്ളത്.അവശനായ തന്നെ കബളിപ്പിച്ച് ആരെങ്കിലും പണം കവരുമെന്ന ഭയത്താൽ സർക്കാർ ആനൂകുല്യം ലഭിച്ച വിവരം പാപ്പു എല്ലാവരിൽ നിന്നും മറച്ച് വയ്ക്കുകയായിരുന്നിരിക്കാം എന്നാണ് ഇപ്പോൾ പരക്കെ ഉയരുന്ന സംശയം.

പാപ്പുവിന്റെ സാമ്പത്തീക ഉറവിടം സംമ്പന്ധിച്ച് വ്യക്തവരുത്താൻ പൊലീസ് ഇന്ന് ബാങ്ക് അധികൃതരോട് വിവരങ്ങൾ ശേഖരിക്കുമെന്ന് കുറുപ്പംപടി എസ് ഐ സുനിൽ തോമസ് മറുനാടനോട് വ്യക്തമാക്കി. കളമശേരി മൊഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം ഇന്ന് രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ജിഷയുടെ മൃതദ്ദേഹം സംസ്‌കരിച്ച മലമുറി ശ്മശാനത്തിലാണ് പാപ്പുവിന്റെ മൃതദ്ദേഹവും സംസ്‌കരിക്കുക എന്ന് ബന്ധുക്കൾ അറിയിച്ചു. പൊലീസ് വീട് പൂട്ടി സീൽ ചെയ്ത സാഹചര്യത്തിലാണ് സംസ്‌കാരം ശ്മശാനത്തിലേക്ക് മാറ്റാൻ കാരണമെന്നാണ് ഇക്കൂട്ടർ നൽകുന്ന സൂചന.