- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മുക്തരായ നാല് ഡോക്ടർമാർക്ക് വീണ്ടും വൈറസ് ബാധ; രണ്ടാമതും വൈറസ് ബാധ കണ്ടെത്തിയത് മുംബൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലെ കോവിഡ് ഐസിയുവിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക്; രാജ്യത്ത് രോഗമുക്തി നേടുന്നവരിൽ വീണ്ടും കോവിഡ് ബാധിക്കുന്ന കേസുകൾ ആശങ്കയുയർത്തുന്നു
മുംബൈ: മുംബൈയിൽ കോവിഡ് മുക്തരായ ഡോക്ടർമാർക്ക് വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. നാല് ഡോക്ടർമാർക്കാണ് വീണ്ടും കോവിഡ് ബാധയുണ്ടായത്. രണ്ട് സർക്കാർ ആശുപത്രികളിലെ കോവിഡ് ഐസിയുവിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരിലാണ് വീണ്ടും വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. സാധാരണ ഗതിയിൽ ഒരു തവണ കോവിഡ് വന്ന് ഭേദമായാൽ വീണ്ടും വൈറസ് ബാധ ഉണ്ടാകാറില്ല. എന്നാൽ, അപൂർവമായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. ഡൽഹിയിൽ നേരത്തേ കോവിഡ് മുക്തി നേടിയ ഒരു പൊലീസുകാരന് വീണ്ടും രോഗബാധയുണ്ടായിരുന്നു.
50 വയസുകാരൻ മെയ് 15 നാണ് ആദ്യമായി പോസിറ്റീവായത്. മെയ് 22 വരെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സ തേടി. . മെയ് 22 ന് ഡിസ്ചാർജ് ചെയ്ത ശേഷം, വൈദ്യോപദേശപ്രകാരം മെയ് 25 ന് അദ്ദേഹത്തെ ടെസ്റ്റിന് വിധേയനാക്കി. അദ്ദേഹത്തിന്റെ ആർടി-പിസിആർ പരിശോധന നെഗറ്റീവ് ആയി തിരിച്ചെത്തി. അതിനുശേഷം അദ്ദേഹം വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു. ജൂലൈ 10 ന് പൊലീസുകാരൻ നെഞ്ചിൽ വേദനയുണ്ടെന്ന് പരാതിപ്പെടുകയും അതേ ആശുപത്രിയിൽ വീണ്ടും ഡോക്ടർമാരെ സമീപിക്കുകയും ചെയ്തു. ജൂലൈ 13 ആയപ്പോഴേക്കും അദ്ദേഹത്തിന് പനിയും വന്നു. ദ്രുതഗതിയിലുള്ള ആന്റിജനും ആർടി-പിസിആർ പരിശോധനയ്ക്കും അദ്ദേഹം വിധേയനായി, രണ്ടും പോസിറ്റീവ് ആകുകയായിരുന്നു.
രോഗം ഭേദമായവരിൽ വീണ്ടും വൈറസ് ബാധയുണ്ടാകുന്നുവെന്ന് ഡൽഹിയിലെചില ആശുപത്രികൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ഒന്നര മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ടാണ് രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, ദ്വാരകയിലെ ആകാശ് ഹെൽത്ത്‌കെയർ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം ആദ്യം ഇത്തരത്തിൽ രണ്ടാമതായി കോവിഡ് ബാധിച്ചെത്തിയ രണ്ട് രോഗികളാണ് രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. ഇരുവരുടേയും രോഗം ഭേദമായി ഒന്നര മാസത്തിന് ശേഷമായിരുന്നു ഇത്. വീണ്ടും കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നായിരുന്നു ഇവർ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്.
കോവിഡ് വന്ന് ഭേദമായി രണ്ട് മാസം തികഞ്ഞ ശേഷമാണ് വീണ്ടും രോഗം ബാധിച്ച് ഒരു ക്യാൻസർ രോഗി ആകാശ് ഹെൽത്ത്‌കെയറിൽ ചികിത്സ തേടിയെത്തിയത്. രണ്ടാം വരവിൽ രോഗത്തെ ചെറുത്തുനിൽക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയതായും ഡോക്ടർമാർ വ്യക്തമാക്കുന്നു. സമാനമായ തരത്തിൽ തന്നെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും നഴ്‌സിന്റേയും കേസ് വിശദാംശങ്ങളും ഡോക്ടർമാർ വിശദീകരിച്ചു. ഇരുവരും കവിഡ് രോഗത്തിൽ നിന്ന് പരിപൂർണ്ണമായി മോചിതരായിരുന്നു. എന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ വീണ്ടും രോഗബാധയുണ്ടായി. ഇരുവരും വീണ്ടും രോഗത്തെ അതിജീവിച്ചു.
'സാധാരണഗതിയിൽ കോവിഡ് വന്ന് ഭേദമായവരിൽ ശരാശരി 40 ദിവസം വരെയെല്ലാം വൈറസ് ജീവിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇത് വ്യക്തമാക്കുന്ന പഠനങ്ങൾ നേരത്തേ വന്നിട്ടുണ്ട്. എന്നാൽ രണ്ടാം തവണയും രോഗം പിടിപെടുന്നത് മുമ്പ് ബാധിച്ച അതേ ഘടനയിലുള്ള വൈറസിനാൽ തന്നെയാകണമെന്നില്ല. ഈ സംശയമാണ് ആരോഗ്യവിദഗ്ധരിൽ ശക്തമായിട്ടുള്ളത്. ഇക്കാര്യം ഉറപ്പിക്കണമെങ്കിൽ കൊറോണ വൈറസിന്റെ ജനിതക മാറ്റങ്ങൾ സംബന്ധിച്ച് നടന്നുവരുന്ന പഠനങ്ങളുടെ ഫലം കൂടി എത്തേണ്ടതുണ്ട്. എന്തായാലും ഒരിക്കൽ കോവിഡ് വന്ന് ഭേദമായവരിൽ വീണ്ടും രോഗം വരുന്നുവെന്നത് സ്ഥിരീകരിക്കാവുന്നതാണ്...'- ഡൽഹിയിൽ സർക്കാർ ഡോക്ടറായ ഡോ. ബി എൽ ഷെർവാൾ പറയുന്നു.
രോഗപ്രതിരോധ ശേഷി ദുർബലമായവരിലാണ് രണ്ടാം തവണയും കോവിഡ് ബാധ കണ്ടെത്തുന്നത് എന്നാണ് ഡോക്ടർമാർ പൊതുവിൽ നിരീക്ഷിക്കുന്നത്. ക്യാൻസർ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങളും ഇമ്മ്യൂണിറ്റിയെ ക്ഷയിപ്പിക്കുന്ന മറ്റ് രോഗങ്ങളും ഉള്ളവരിൽ കോവിഡിന്റെ രണ്ടാം വരവിനുള്ള സാധ്യത കൂടുതലാകുന്നത് അതിനാലാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിരോധ ശേഷി കുറഞ്ഞവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മാസ്‌ക്, ഇടവിട്ട് കൈ വൃത്തിയാക്കൽ എന്നിവ പരമാവധി ചിട്ടയോടെ ഇത്തരക്കാർ ചെയ്യേണ്ടതുണ്ടെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
മറുനാടന് ഡെസ്ക്