ഗസ്സാ സിറ്റി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തെത്തുടർന്ന് പ്രക്ഷോഭം ശക്തമാകുന്നതിനിടെ വെള്ളിയാഴ്ച ഗസ്സയിലും വെസ്റ്റ്ബാങ്കിലുമായി നാലു ഫലസ്തീൻകാർ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. ഗസ്സയിൽ 164 പേർക്കും വെസ്റ്റ്ബാങ്കിൽ നൂറിലധികം പേർക്കും പരിക്കേറ്റു. സമീപരാജ്യമായ ജോർദാനിലും ഇസ്രയേലിനെതിരെ പ്രക്ഷോഭം ശക്തമായിട്ടുണ്ട്. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഈ മാസം ആറിനു ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ആരംഭിച്ച സമരത്തിൽ ഇതോടെ എട്ടുപേർ കൊല്ലപ്പെട്ടുകഴിഞ്ഞു.

ഗസ്സയിൽ ഇസ്രേലി സേനയുടെ വെടിയേറ്റു മരിച്ച 29കാരനായ ഇബ്രാഹിം 2008ലെ ഇസ്രേലി വ്യോമാക്രമണത്തിൽ രണ്ടു കാലും നഷ്ടപ്പെട്ടയാളാണ്. ഇദ്ദേഹം ഏറെക്കാലമായി വീൽചെയറിലാണു കഴിഞ്ഞിരുന്നത്. ഇബ്രാഹിമിന്റെ കബറടക്കം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി.

സംഘർഷത്തിനിടെ പശ്ചിമേഷ്യൻ സന്ദർശനത്തിനായി ബുധനാഴ്ച ടെൽ അവീവിൽ എത്തുന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് കിഴക്കൻ ജറുസലമിലെ വെസ്റ്റേൺ വാൾ എന്ന വിലാപത്തിന്റെ മതിൽ സന്ദർശിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ടെൽ അവീവിലെത്തുന്ന മൈക്ക് പെൻസ് ഇസ്രയേലിലെ പാർലമെന്റിനെ അഭിസംബോധന ചെയ്യും. പെൻസിനെ സ്വാഗതം ചെയ്യില്ലെന്ന് ഫലസ്തീൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.