കോഴിക്കോട് : കോടഞ്ചേരി ഈരൂട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന നാലംഗ കുടുംബം വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. കാസർകോട് പാലാവയൽ സ്വദേശികളായ കാരിക്കാകുന്നേൽ ബിനീഷ്, ഭാര്യ സിനി, സിനിയുടെ സഹോദരി മിനി, മാതാവ് റോസമ്മ എന്നിവരെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോടഞ്ചേരി അങ്ങാടിയിൽ സ്വകാര്യ സ്ഥാപനം നടത്തുകയായിരുന്നു കുടുംബം. ഇവിടുത്തെ ചില ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.ഇതിനെത്തുടർന്ന് സ്ഥാപന നടത്തിപ്പുകാർക്കെതിരെ ഇവർ കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 9 മുതൽ കട അടച്ചിട്ടിരിക്കുകയാണ്. പ്രശ്‌നത്തിൽ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് സ്ഥാപന നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണമുണ്ട്.