കൊച്ചി: കേരള ഹൈക്കോടതി ഒരു പുതിയ ചരിത്രമെഴുതിയിരിക്കുന്നു. ഒരേ സമയം നാലു വനിതാ ജസ്റ്റിസുമാരാണ് ഹൈക്കോടതിയിൽ ഇപ്പോൾ ഉള്ളത്. ചരിത്രത്തിൽ ആദ്യമായാണു നാലു വനിതകൾ ജസ്റ്റിസുമാരായി ഒരേസമയം ഹൈക്കോടതിയിൽ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയിരുന്ന ജസ്റ്റിസ് വി ഷിർസി കൂടി ഹൈക്കോടതിയിലേക്ക് എത്തിയതോടെയാണ് പുതുചരിത്രം പിറന്നത്. ഇതാദ്യമായാണ് ഇത്രയും വനിതാ ജഡ്ജിമാർ ഒരേസമയം ഹൈക്കോടതിയിൽ സിറ്റിങ് ജഡ്ജിമാരായി ഇരിക്കുന്നത്.

സിറ്റിങ് ജഡ്ജിമാരായി ഇതുവരെ ഉണ്ടായിരുന്നതു ജസ്റ്റിസുമാരായ പി വി ആശ, അനു ശിവരാമൻ, മേരി ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് വി ഷിർസി കൂടി ഹൈക്കോടതി ജഡ്ജി ആയി എത്തിയത്. ഇതോടെ എണ്ണം നാലായി.

എച്ച് ആർ ഗോഖലെ നിയമമന്ത്രിയായിരിക്കെയാണ് വനിതാ ജഡ്ജിമാരെ നിയമിക്കാൻ നടപടി തുടങ്ങിയത്. വനിതാ ജഡ്ജിമാരുടെ അനുപാതം ഉയർത്തണമെന്നു സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി കൂടിയായ ജസ്റ്റിസ് ഫാത്തിമ ബീവി ആവശ്യപ്പെട്ടതായി നിയമകാര്യ ഓൺലൈൻ മാദ്ധ്യമമായ ലൈവ് ലോ റിപ്പോർട്ടു ചെയ്തു.

ജസ്റ്റിസ് പി വി ആശ അഭിഭാഷകയായിരിക്കെയാണ് ഹൈക്കോടതി ജഡ്ജി ആയത്. തൃശൂർ വിമല കോളജിൽനിന്ന് ബിരുദ പഠനത്തിന് ശേഷം എറണാകുളം ഗവ. ലോ കോളജിൽനിന്നാണ് ജസ്റ്റിസ് പി വി ആശ നിയമ ബിരുദം നേടിയത്. ഇക്കഴിഞ്ഞ മേയിലാണ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റത്. 1983ൽ അഭിഭാഷകയായി എന്റോൾ ചെയ്ത ജസ്റ്റിസ് പി വി ആശ ഭരണഘടനാ-സിവിൽ നിയമങ്ങളിൽ വിദഗ്ധയാണ്.

ജസ്റ്റിസ് അനു ശിവരാമൻ കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയാകുന്നത് അച്ഛന്റെ പാത പിന്തുടർന്നാണ്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ശിവരാമൻ നായരുടെ മകളാണ് അനു ശിവരാമൻ. സെന്റ് തെരേസാസ് കോളജ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായിരുന്നു പ്രീഡിഗ്രി, ബിരുദ വിദ്യാഭ്യാസം. കാക്കനാട് മീഡിയ അക്കാദമിയിൽ നിന്ന് ജേർണലിസത്തിൽ പിജി ഡിപ്ലോമയും അനു ശിവരാമൻ നേടി. എറണാകുളം ഗവ. ലോ കോളജിൽ നിന്നായിരുന്നു നിയമബിരുദം. 10 വർഷത്തോളം കൊച്ചി കോർപ്പറേഷന്റെ സ്റ്റാൻഡിങ് കോൺസലും സീനിയലർ സർക്കാർ പ്ലീഡർ, സ്പെഷൽ സർക്കാർ പ്ലീഡർ സ്ഥാനങ്ങളും വഹിച്ച ശേഷമാണ് ഹൈക്കോടതി ജഡ്ജിയാകുന്നത്.

ജസ്റ്റിസ് മേരി ജോസഫ് സത്യവാചകം ചൊല്ലി ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേൽക്കുന്നത് ജസ്റ്റിസ് അനു ശിവരാമനൊപ്പമാണ്. തേവര എസ്എച്ച് കോളജിൽ നിന്നും ബിരുദം നേടിയ ശേഷം എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദവും കൊച്ചിൻ സർവകലാശാലയിൽനിന്ന് എൽഎൽഎം ബിരുദവും നേടി. 1986ൽ അഭിഭാഷകയായി എന്റോൾ ചെയ്തു. എറണാകുളത്തെ വിവിധ കീഴ്ക്കോടതികളിലും ജസ്റ്റിസ് മേരി ജോസഫ് പ്രാക്ടീസ് ചെയ്തു. 2001ൽ ജില്ലാ ജഡ്ജിയാകുന്നതിന് മുമ്പ് അഡീഷണൽ ജില്ലാ സർക്കാർ പ്ലീഡർ, എറണാകുളം ജില്ലാ കോടതിയിൽ പബ്ലിക് പ്രൊസിക്യൂട്ടർ ചുമതലകൾ വഹിച്ചു.

ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി നിനോ മാത്യൂവിന് വധശിക്ഷ നൽകി ഉത്തരവിട്ട ജഡ്ജിയാണു വി ഷിർസി. കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ടുനിന്ന അനു ശാന്തിക്ക് ജീവപര്യന്തവും വിധിച്ചു. മാതൃത്വത്തിന് തന്നെ അപമാനമാണ് അനുശാന്തിയുടെ ക്രൂരതയെന്ന നിരീക്ഷണം വലിയ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്തത്. രാജ്യത്തെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയും സുപ്രീംകോടതി ജഡ്ജിയും കേരളത്തിൽനിന്നാണ്. മലയാളിയായ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് സുപ്രീംകോടതി ജഡഡ്ജിയായ ആദ്യ വനിത. ജസ്റ്റിസ് അന്നാ ചാണ്ടിയാണ് രാജ്യത്ത് ആദ്യമായി ഒരു ഹൈക്കോടതിയിൽ വനിതാ ജഡ്ജിയായി സ്ഥാനമേറ്റത്.