റിയാദ്: രാജ്യത്തേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് ടൂറിസം വകുപ്പ്. വിദേശരാജ്യങ്ങളിലെ സൗദി എംബസികളിലൂടെ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്നാണ് ടൂറിസം ദേശീയ വകുപ്പ് മേധാവി സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിരിക്കുന്നത്. 40 ഡോളർ ഫീസടച്ചാൽ വിദേശരാജ്യങ്ങളിലെ എംബസികളിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്നാണ് ടൂറിസം മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്.

സൗദിയിൽ നിലവിൽ ഏതു വിസയ്ക്കും രണ്ടായിരം റിയാലാണ് ഫീസ്. കഴിഞ്ഞ വർഷം വിദേശങ്ങളിലേക്ക് പോയ സൗദി വിദേശസഞ്ചാരികൾ എണ്ണായിരം കോടി റിയാൽ ചെലവഴിച്ചതായാണ് ടൂറിസം വകുപ്പിന്റെ കണക്ക്. സൗദിയിൽ വിസയ്ക്കുള്ള തുക ഉയർന്നതായതിനാൽ ടൂറിസ്റ്റുകളെ രാജ്യത്തു നിന്ന് അകറ്റി നിർത്തുകയാണെന്നും അതിനാൽ 40 ഡോളറിന് ടൂറിസ്റ്റ് വിസ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നുമാണ് അധികാരികൾ വ്യക്തമാക്കുന്നത്. ആരംഭത്തിൽ പരിമിതമായ ഗ്രൂപ്പുകൾക്കു മാത്രമായിരിക്കും ഇത്തരം കുറഞ്ഞ തുകയ്ക്ക് വിസകൾ അനുവദിക്കുക.