പാരീസ്: ഫ്രഞ്ച്  എയർ ട്രാഫിക്  കൺട്രോളർമാരുടെ പണിമുടക്കിനെ തുടർന്ന് 40 ശതമാനത്തോളം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതായി എയർ ഫ്രാൻസ്. പെൻഷൻ വ്യവസ്ഥകളെ സംബന്ധിച്ചുള്ള തർക്കമാണ് എയർ ട്രാഫിക് കൺട്രോളർമാരെ രണ്ടു ദിവസത്തെ പണിമുടക്കിലേക്ക് നയിച്ചത്. ബുധനാഴ്ച ആരംഭിച്ച പണിമുടക്ക് ഒരു ദിവസം തന്നെ 40 ശതമാനത്തോളം വിമാനസർവീസുകളെയാണ് ബാധിച്ചത്.

എയർ ട്രാഫിക് കൺട്രോളർമാരുടെ പ്രമുഖ യൂണിയനായ എസ്എൻസിടിഎ ആഹ്വാനം ചെയ്ത പണിമുടക്കാണ് ഈ മേഖലയിൽ ഏറെ ദുരിതത്തിന് വഴി വച്ചത്. രാജ്യമെമ്പാടുമുള്ള സർവീസിനെ പണിമുടക്ക് സാരമായി ബാധിച്ചു. ദീർഘദൂര സർവീസുകളെ ഏറെ ബാധിച്ചില്ലെന്നു പറയുന്നുണ്ടെങ്കിലും മധ്യദൂര സർവീസുകളിൽ 60 ശതമാനത്തോളം സർവീസുകളേയും പണിമുടക്ക് ബാധിച്ചുവെന്നാണ് റിപ്പോർട്ട്.

എയർ ട്രാഫിക് കൺട്രോളർമാരുടെ പെൻഷൻ പ്രായം 67-ൽ നിന്നും 69 ആയി ഉയർത്തണമെന്നാണ് യൂണിയന്റെ ആവശ്യം. വിമാന സർവീസുകളിൽ ഏറെ തടസം നേരിടുമെന്നതിനാൽ യാത്രയ്ക്ക് ഒരുങ്ങുന്നവർ എയർലൈനെ ബന്ധപ്പെട്ട ശേഷം മാത്രമേ പുറപ്പെടാവൂ എന്നാണ് അറിയിപ്പ്. ഏപ്രിൽ 16 മുതൽ 18 വരെയും ഏപ്രിൽ 29 മുതൽ മെയ്‌ രണ്ടുവരെയുമാണ് അടുത്ത പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. ഫ്രാൻസിൽ സ്പ്രിങ് സ്‌കൂൾ ഹോളിഡേ ആരംഭിക്കുന്ന സമയമായിരിക്കും ഇത്. അതിനാൽ പണിമുടക്ക് ഏറെ ബുദ്ധിമുട്ട്  സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.