ഡബ്ലിൻ: മിക്ക ലോക്കൽ അഥോറിറ്റികളും വിതരണം ചെയ്യുന്ന ശുദ്ധജലത്തിൽ പകുതിയോളം ചോർച്ചയിലൂടെ പാഴാക്കുന്നതായി റിപ്പോർട്ട്. ലീക്കേജ് പ്രശ്‌നം ഐറീഷ് വാട്ടറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും വർഷാവസാനത്തോടെ പ്രശ്‌നം മുഴുവൻ പരിഹരിക്കുമെന്ന് കരുതുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മിക്ക പ്രദേശങ്ങളിലും നാല്പതു ശതമാനത്തോളം ജലം ഇത്തരത്തിൽ പാഴാകുന്നുവെന്നാണ് കണക്ക്. അഞ്ചു കൗൺസിലുകളിൽ ശുദ്ധജലമാണ് ഇത്തരത്തിൽ പാഴായിപ്പോകുന്നത്. വാട്ടർ ലീക്ക് പരിഹരിക്കുന്നതിനായി ആദ്യം ചെയ്യേണ്ട നടപടി വാട്ടർ പ്രഷർ കുറയ്ക്കുകയാണ് വേണ്ടതെന്ന് ഐറീഷ് വാട്ടർ തന്നെ വ്യക്തമാക്കുന്നുണ്ട്. ചില നെറ്റ് വർക്കുകളിൽ വാട്ടർ പ്രഷർ സാധാരണയിലും കൂടുതലാണ്. ഇതും ലീക്കിന് കാരണമാകുന്നുണ്ട്. മിക്ക കൗണ്ടികളിലും ലീക്കേജ് റേറ്റ് ഈ വർഷം അവസാനത്തോടെ രണ്ടു ശതമാനം കുറയ്ക്കാൻ സാധിക്കുമെന്ന് കരുതുന്നതായി ഐറീഷ് വാട്ടർ പറയുന്നുണ്ട്.

കോർക്ക്, മയോ, കെറി, ടിപ്പറാറി, റോസ്‌കോമൺ എന്നിവിടങ്ങളിലാണ് ശുദ്ധജലത്തിൽ പാതിയും ലീക്ക് വഴി പാഴാകുന്നത്. ദേശീയ വ്യാപകമായി ലീക്ക് റേറ്റ് 49 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. കോർക്ക് സിറ്റിയിൽ തന്നെ ഇത് 55 ശതമാനത്തിൽ നിന്ന് 53 ശതമാനമായി കുറയ്ക്കാമെന്ന് കരുതുന്നത്. റോസ്‌കോമണിലാണ് ഏറ്റവും കൂടുതൽ ജലം പാഴാകുന്നത്. ഇവിടെ പാഴാകുന്ന വെള്ളത്തിന്റെ കണക്ക് 62 ശതമാനമാണ്.

കേടായ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചും വാട്ടർ പ്രഷർ കുറയ്ക്കും ചില നെറ്റ് വർക്കിൽ ജലം പാഴാകുന്നത് തടയുമെന്ന് ഐറീഷ് വാട്ടർ വ്യക്തമാക്കിയിട്ടുണ്ട്. പൈപ്പുകളിലെ ലീക്ക് തടയുകയെന്നത് വളരെ പതുക്കെ മാത്രം നടക്കുന്ന പ്രക്രിയയാണെന്നും വർഷങ്ങൾ എടുത്തുമാത്രമേ ഇത് പൂർണമായും തടയാൻ സാധിക്കുകയുള്ളുവെന്നാണ് ഐറീഷ് വാട്ടർ പറയുന്നത്.