തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെ അതുല്യ പ്രതിഭയാണ് നെടുമുടി വേണു. അഭിനയ ജീവിതത്തിന്റെ നാൽപ്പതു വർഷം പൂർത്തിയാക്കുന്ന താരത്തെ അനുമോദിക്കാൻ ഒരുങ്ങുകയാണ് മലയാള ചലച്ചിത്ര ലോകം. 1977ൽ തമ്പ് എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നെടുമുടി വേണുവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരുപാട് നല്ല കഥാപാത്രങ്ങളാണ് നെടുമുടിവേണുവിനെ തേടി എത്തിയത്.

ഈവർഷം 26നു വൈകിട്ട് ആറിനാണ് മലയാള ചലച്ചിത്ര പ്രവർത്തകർ നെടുമുടി വേണുവിന്റെ അഭിവയ ജീവിതത്തിന്റെ നാൽ്പപതാം വർഷം ആഘോഷിക്കാൻ ഒരുങ്ങുന്നത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ 'നടനം വേണുലയം' എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

നെടുമുടി വേണുവിന്റെ വീടിന്റെ പേരും ആദ്യ ചിത്രത്തിന്റെ പേരും തമ്പ് എന്നു തന്നെയാണ്. സ്വന്തം വീടായ തമ്പിൽ നിന്നിറങ്ങി ആദ്യ സിനിമയായ തമ്പിലേക്കുള്ള മടക്കയാത്ര പോലെയാണു ടി.കെ.രാജീവ് കുമാർ ഈ പരിപാടി ഒരുക്കിയിരിക്കുന്നത്.

പതിവ് അവതാരകർക്കു പകരം നെടുമുടി തന്നെ സ്റ്റേജിലെത്തി തന്റെ ജീവിതം വിവരിക്കുന്നുവെന്ന പ്രത്യേകതയും പരിപാടിക്കുണ്ട്. സംഗീത സംവിധായകൻ ബിജിബാലാണു സംഗീത പരിപാടിക്കു നേതൃത്വം നൽകുക. തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റി കേരള സർക്കാരുമായും വയലാർ രാമവർമ സാംസ്‌കാരിക വേദിയുമായും സഹകരിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്. ആറുമണിക്കു ചേരുന്ന അനുമോദന യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.