ജി സി സി രാജ്യങ്ങളിൽ മരുന്നു വില ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട വിലക്കുറവ് ഖത്തറിൽ വീണ്ടും പ്രാബല്യത്തിൽ വരുന്നു. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 457 അവശ്യമരുന്നുകളുടെ വിലയാണ് 28 ശതമാനം കുറച്ചത്.ഹൃദ്രോഗം, ഹോർമോൺ സംബന്ധമായ രോഗങ്ങൾ, ഉദരരോഗങ്ങൾ, ത്വക് രോഗം. പേശീ സന്ധി രോഗങ്ങൾ എന്നിവക്കാവശ്യമായ മരുന്നുകൾക്കാണ് ഇപ്പോൾ വിലകുറച്ചത്. ഇതേ രോഗങ്ങൾക്കുള്ള പ്രാഥമിക മരുന്നുകളുടെ വില നേരത്തെ കുറച്ചിരുന്നു.

657 അവശ്യ മരുന്നുകളുടെ വിലയാണ് ആദ്യഘട്ടമായി കഴിഞ്ഞ സെപ്റ്റംബറിൽ കുറച്ചിരുന്നത്. ഇതിന്റെ രണ്ടാം ഘട്ടമായാണ് ഇപ്പോൾ 457 മരുന്നുകൾക്കു കൂടി വിലകുറച്ചത്. അവശ്യമരുന്നുകൾക്ക് ശരാശരി 28 ശതമാനം വിലക്കുറവാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വരും മാസങ്ങളിലും കൂടുതൽ മരുന്നുകളുടെ വിലകുറക്കാനിടയുണ്ട്. വർഷാവസാനമാവുമ്പോഴേക്ക് 1820 മരുന്നുകളുടെ വിലകുറക്കാനാണ് സുപ്രീം ഹെൽത്ത് കൗൺസിലിന്റെ പദ്ധതി. അടുത്ത ഘട്ടത്തിൽ ശ്വാസകോശരോഗങ്ങൾ ക്യാൻസർ, പകർച്ചവ്യാധികൾ, ലൈഗിംക രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറയും.