2017 മുതൽ 457 വിസാ ഹോൾഡർമാർ കുട്ടികളെ സ്‌കൂളിൽ ഫീസ് കൊടുത്തു പഠിപ്പിക്കേണ്ടി വരും; 2018 ജനുവരി മുതൽ എല്ലാ 457 വിസാ ഹോൾഡർമാർക്കും നിയമം ബാധകമാക്കും

മെൽബൺ: 2017 മുതൽ സൗത്ത് ഓസ്‌ട്രേലിയയിൽ 457 വിസാ ഹോൾഡർമാരുടെ മക്കൾക്ക് സ്‌കൂളുകളിൽ ഫീസ് നൽകി പഠിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. 77,000 ഡോളറിൽ കൂടുതൽ വരുമാനം നേടുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് പബ്ലിക് സ്‌കൂളുകളിൽ ഫീസ് കൊടുത്തു പഠിക്കേണ്ട സാഹചര്യം ഉടലെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് എഡ്യൂക്കേഷൻ മിനിസ്റ്റർ ഡോ. സൂസൻ ക്ലോസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത വർഷം മുതൽ 457 വിസാ ഹോൾഡർമാർ കുട്ടികളുടെ ഫീസ് ഇനത്തിൽ 6100 ഡോളർ അടയ്‌ക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 457 വിസാ ഹോൾഡർമാർക്ക് പൊതുവിദ്യാഭ്യാസ സംഭാവന ഫീസ് അഥവാ പബ്ലിക് എഡ്യൂക്കേഷൻ കോൺട്രിബ്യൂഷൻ ഫീസ് ഏർപ്പെടുത്താനാണ് സൗത്ത് ഓസ്‌ട്രേലിയ നിർദ്ദേശം കൊണ്ടുവന്നിരിക്കുന്നത്. നിരവധി ഇന്ത്യൻ കുടുംബങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായി.

നിലവിൽ 457 വിസാ ഹോൾഡർമാരുടെ കുട്ടികൾക്ക് പബ്ലിക് സ്‌കൂളുകളിൽ ഫീസ് നൽകി പഠിക്കേണ്ട സാഹചര്യമല്ല ഉള്ളത്. അതേസമയം വെസ്റ്റേൺ ഓസ്‌ട്രേലിയ, ന്യൂസൗത്ത് വേൽസ്, എസിടി എന്നിവിടങ്ങളിൽ 457 വിസാ ഹോൾഡർമാരുടെ മക്കൾക്ക് സ്‌കൂൾ ഫീസ് നൽകേണ്ട സാഹചര്യമാണുള്ളത്.

പദ്ധതിയുടെ തുടക്കമെന്ന നിലയിൽ 2017 ജനുവരി ഒന്നു മുതൽ 457 വിസയിൽ ഇവിടെയെത്തിയവരുടെ കുട്ടികൾക്ക് ഫീസ് നൽകിയാൽ മതിയാകും. എന്നാൽ 2018 ജനുവരി മുതൽ ഇത് സൗത്ത് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന എല്ലാ 457 വിസാ ഹോൾഡർമാർക്കും ബാധകമാക്കും.

77,000 ഡോളറിൽ കൂടുതൽ വരുമാനമുള്ള 457 വിസാ ഹോൾഡർമാർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5100 ഡോളറും സെക്കൻഡറി വിദ്യാർത്ഥികൾക്ക് 6100 ഡോളറും ഫീസിനത്തിൽ നൽകേണ്ടി വരും. ഈ തുക കുടുംബത്തിലെ മൂത്ത വിദ്യാർത്ഥിക്കാണ് നൽകേണ്ടുന്നത്. എന്നാൽ ബാക്കിയുള്ള സഹോദരങ്ങളായ വിദ്യാർത്ഥികൾക്ക് ഫീസിൽ 10 ശതമാനം ഇളവ് ലഭിക്കുന്നതാണ്. ഫീസ് വർഷത്തിലോ സെമസ്റ്റർ തോറുമോ ടേം തോറുമോ സ്ഥിരമായ ഇൻസ്റ്റാൾമെന്റിലൂടെയോ അടയ്ക്കാനുള്ള സൗകര്യം രക്ഷിതാക്കൾക്ക് ലഭിക്കുന്നതാണ്. കുട്ടി ഗവൺമെന്റ് സ്‌കൂളിൽ എന്റോൾ ചെയ്യപ്പടുമ്പോഴാണ് ഫീസടയ്ക്കേണ്ടത്.