- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തെ നാണംകെടുത്തി ചോരക്കളി; ആഭ്യന്തര വകുപ്പിനെ നോക്കുകുത്തിയാക്കി ഈ വർഷം മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ; പിണറായി സർക്കാരിന്റെ കാലത്ത് നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങൾ; ഏറ്റവും അധികം കണ്ണൂരിൽ
തിരുവനന്തപുരം: ആലപ്പുഴയിൽ മണിക്കൂറുകൾക്കിടെ രണ്ടുകൊലപാതകങ്ങൾ. എസ്ഡിപിഐ നേതാവിന്റെ കൊലയ്ക്ക് പിന്നാലെ ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. പൊലീസിന്റെ സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള കാവൽ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ രണ്ടുകൊലപാതകങ്ങളും. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ട് നടന്ന കൊലപാതകമാണ് ഈ വർഷത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം. തുടർന്ന് ആറോളം രാഷ്ട്രീയ കൊലപാതകങ്ങൾ. പൊലീസിന് വീഴ്ചയില്ലെന്ന് ഡിജിപി പറയുന്നുണ്ടെങ്കിലും, വിമർശനങ്ങൾ ഉയരുന്നു. പിണറായി സർക്കാറിന്റെ കാലത്ത് സംസ്ഥാനത്ത് ഇതുവരെ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് കണക്കുകൾ. ഈ വർഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്ന് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളും വ്യക്തമാക്കുന്നു.
2016 മെയ് 25 മുതൽ 2021 ഡിസംബർ 19 വരെ 19 ആർഎസ്എസ് /ബിജെപി പ്രവർത്തകരും 12 സിപിഎം/ഡിവൈഎഫ്ഐക്കാരും കൊല്ലപ്പെട്ടു.
കോൺഗ്രസ്/ യൂത്ത് കോൺഗ്രസ്-നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ്- ആറ്, എസ്.ഡി.പി.ഐ- രണ്ട്, ഐ.എൻ.ടി.യു.സി-ഒന്ന്, ഐ.എൻ.എൽ- ഒന്ന് എന്നിങ്ങനെയാണ് മരണപട്ടിക. എറണാകുളത്ത് കാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവും ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സിപിഎം വിമതൻ കെ.എം. നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്.
പിണറായി സർക്കാറിന്റെ കാലത്ത് ഏറ്റവുമധികം കൊലപാതകം നടന്നത് കണ്ണൂരിലാണ്-11, തൊട്ടുപിന്നിൽ തൃശൂർ-എട്ട്. രണ്ടുമാസത്തിനിടെ, രാഷ്ട്രീയ സംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു.
ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിൽ പൊലീസിനും സ്‌പെഷൽ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങൾ സംസ്ഥാനത്ത് വർധിക്കാനിടയാക്കിയത്.
നവംബർ 15ന് പാലക്കാട്ട് ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ പട്ടാപ്പകൽ ബൈക്കിടിച്ച് വീഴ്‌ത്തി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സഞ്ജിത്തിന്റെ കൊലപാതകമുണ്ടായപ്പോൾ പാലക്കാട്ടോ മറ്റേതെങ്കിലും ജില്ലയിലോ പ്രത്യാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായെങ്കിലും ജില്ല പൊലീസ് മേധാവിമാർ ഗൗരവമായെടുത്തില്ല.
ഡിസംബർ രണ്ടിന് പത്തനംതിട്ട പെരിങ്ങരയിൽ സിപിഎം പ്രവർത്തകൻ സന്ദീപിനെ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധത്തെ തുടർന്ന് ആർഎസ്എസ്, ബിജെപി ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തി. ദിവസങ്ങൾക്കുമുമ്പാണ് തിരുവനന്തപുരത്ത് പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്ന കൊലക്കേസ് പ്രതിയെ ഗുണ്ടകൾ തിരഞ്ഞുപിടിച്ച് വെട്ടിക്കൊന്നതും കാൽ വെട്ടിയെടുത്ത് റോഡിലെറിഞ്ഞതും.
2020ലെ കൊലപാതകങ്ങൾ
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. കണ്ണൂരിൽ എസ്ഡിപിഐക്കാരനും, കാസർകോട് സിപിഎമ്മുകാരനും കൊല ചെയ്യപ്പെട്ടു.
2019ലെ കൊലപാതകങ്ങൾ
തൃശൂരിൽ കോൺഗ്രസ് പ്രവർത്തകനും മലപ്പുറത്ത് ലീഗ് പ്രവർത്തകനും കൊല്ലപ്പെട്ടു. കാസർകോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു.
2018ലെ കൊലപാതകങ്ങൾ
എറണാകുളം സിറ്റിയിൽ മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തി. ന്യൂ മാഹിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും പേരാവൂരിൽ ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു.
2017ലെ കൊലപാതകങ്ങൾ
തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. കൊല്ലം കടയ്ക്കലിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. ഗുരുവായൂരിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. കണ്ണൂർ ധർമടത്ത് ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. പയ്യന്നൂരിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.
2016ലെ കൊലപാതകങ്ങൾ
കണ്ണൂരിൽ ബിജെപി പ്രവർത്തകനും, ആലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകനും, കണ്ണൂരിൽ സിപിഎം പ്രവർത്തകനും, തൃശൂരിൽ ബിജെപി പ്രവർത്തകനും സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടു. ജൂലൈ മാസത്തിനുശേഷം പയ്യന്നൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും, കണ്ണൂരിൽ ബിജെപി പ്രവർത്തകനും, കോഴിക്കോട് റൂറലിൽ 2 ലീഗ് പ്രവർത്തകരും, കോട്ടയത്ത് മുൻ സിപിഎം പ്രവർത്തകനും, കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനും, കണ്ണൂരിൽ സിപിഎം പ്രവർത്തകനും, കണ്ണൂരിൽ ബിജെപി പ്രവർത്തകനും, പാലക്കാട് ബിജെപി പ്രവർത്തകനും, മലപ്പുറത്ത് സിപിഎം പ്രവർത്തകനും കൊല്ലപ്പെട്ടു.
മുൻകാലങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽനിന്ന് നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ജില്ല പൊലീസ് മേധാവിമാരുടെ ഓഫിസിൽ തയാറാക്കാറുണ്ട്.
എന്നാൽ, ഈ പ്രവർത്തനം സ്തംഭിച്ചിട്ട് രണ്ടുവർഷത്തിലേറെയായി. പകരം കോവിഡ് കേസുകളുടെ വിവരശേഖരണം മാത്രമായി ഇവരുടെ ജോലി ഒതുങ്ങി. ഇതും സംസ്ഥാനത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ തഴച്ചുവളരാനിടയാക്കി.
സിപിഎം സമ്മേളനങ്ങളിൽ പൊലീസിന് എതിരെ വിമർശനം
തലസ്ഥാനനഗരിയിൽ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്റർ ഉൾപ്പെട്ട സിപിഎമ്മിന്റെ പാളയം ഏരിയാ സമ്മേളനത്തിലും ചാല ഏരിയാ സമ്മേളനത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനം ഉണ്ടായിരുന്നു. പൊലീസിന് മേൽ എൽ.ഡി.എഫ് സർക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നും ആർ.എസ്.എസുകാരും യു.ഡി.എഫുകാരുമായ പൊലീസുകാരെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെന്നും ആഞ്ഞടിച്ച പ്രതിനിധികൾ, മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകം ആദ്യം വ്യക്തിപരമാണെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ആ സ്ഥാനത്ത് തുടരാൻ പാടില്ലെന്ന് പ്രതിനിധികൾ പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് നിയമിച്ച സ്ഥാനത്തുതന്നെ തുടരുകയാണ് പല ഉദ്യോഗസ്ഥരും. ന്യായമായ കാര്യങ്ങളിൽ പോലും പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങൾക്ക് നീതി കിട്ടുന്നില്ല.പൊലീസിൽ നിന്ന് പൊതുജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് പാളയം ഏരിയാ സമ്മേളനത്തിൽ വിമർശനമുയർന്നു. ചില പൊലീസുദ്യോഗസ്ഥർ ജനങ്ങളെ ഉപദ്രവിക്കുന്നു. തുടർഭരണത്തിലും സർക്കാരിന് നാണക്കേടുണ്ടാക്കുകയാണിവർ. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കരുത്. ഒന്നാം പിണറായി സർക്കാരിന് നാണക്കേടുണ്ടാക്കിയ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുണ്ടാകണമെന്നും പ്രതിനിധികൾ പറഞ്ഞു.
സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലും പൊലീസിന് എതിരെ പിണറായിയുടെ സാന്നിധ്യത്തിൽ വിമർശനം ഉയർന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ