- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു? പ്രധാനമന്ത്രിയെ വിമർശിച്ചു ഡൽഹിയിൽ പോസ്റ്ററൊട്ടിച്ചു; ഡൽഹിയിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു പൊലീസ്
ന്യൂഡൽഹി: വാക്സിൻ വിഷയത്തിൽ കടുത്ത വിമർശനമാണ് കേന്ദ്രത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. വാക്സിൻ ക്ഷാമം അടക്കം രാജ്യത്ത് രൂക്ഷമായ ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ചതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്ത സംഭവവും വിവാദത്തിന് ഇടയാക്കുന്നു.
മോദിക്കെതിരേ അപകീർത്തികരമായ പോസ്റ്ററൊട്ടിച്ചു എന്നാരോപിച്ചാണ് അഞ്ചു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വടക്ക് കിഴക്കൻ ഡൽഹിയിലെ ട്രാൻസ് യമുന ഭാഗത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരെയാണ് അറസ്റ്റ് ചെയ്തതെന്നോ അറസ്റ്റിന്റെ മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ പൊലീസ് അധികൃതർ തയ്യാറായിട്ടില്ല.
ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ടാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ, സംഘടനയുടെയോ പേര് നൽകാതെയാണ് പോസ്റ്റർ. ഇത് ശ്രദ്ധയിൽപെട്ടതോടെ കേസെടുക്കാൻ പൊലീസ് അധികൃതർ തയ്യാറാവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോസ്റ്റർ പതിച്ചവരെ കണ്ടെത്തിയത്. എന്നാൽ തങ്ങളെ ഒരു കൗൺസിലറാണ് പോസ്റ്റർ പതിക്കാനുള്ള ജോലി ഏൽപ്പിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നും ഇവർ ചോദ്യം ചെയ്യലിൽ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരിൽനിന്ന് കൂടുതൽ പോസ്റ്ററുകളും കണ്ടെടുത്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്