മസ്‌കത്ത്: ഒമാനിൽ അപേക്ഷ നല്കി അഞ്ചുദിവസംകൊണ്ട് തൊഴിൽവിസ ലഭ്യമാക്കാൻ പദ്ധതി തയാറാവുന്നു. കൂടാതെ താത്കാലിക തൊഴിൽ വിസ അനുവദിക്കാനും പദ്ധതിയിടുന്നുണ്ട്. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം വിപുലപ്പെടുത്താനുള്ള ദേശീയ പദ്ധതിയായ 'തൻഫീദി'ന്റെ ആസൂത്രണത്തിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. നിലവിൽ മാസങ്ങളാണ് തൊഴിൽവിസ നടപടിക്രമങ്ങൾക്ക് വേണ്ടിവരുന്നത്.

ചില മേഖലകളിൽ താൽക്കാലിക തൊഴിൽവിസ അനുവദിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തുവരുകയാണ്. ഒമാനിൽ ആദ്യമായിട്ടായിരിക്കും ഇത്തരം വിസകൾ ലഭ്യമാവുന്നത്. പുതിയ നീക്കങ്ങളെ രാജ്യത്തെ വ്യവസായ മേഖല സ്വാഗതം ചെയ്തു. കമ്പനികളും വ്യവസായികളും തൊഴിലാളികളും റിക്രൂട്ടിങ് ഏജൻസികളുമെല്ലം ഇതിനെ ഗുണകരമായി കാണുന്നു. വിസാ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരാനാണ് സർക്കാർ പദ്ധതി തയാറാക്കുന്നത്.

ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇത് ഗുണകരമാവും. ആറുമാസത്തേക്കും ഒമ്പതു മാസത്തേക്കുമൊക്കെയായി വിദേശ തൊഴിലാളികൾക്ക് താൽക്കാലിക നിയമനം നൽകാൻ സാധിച്ചാൽ എണ്ണ, നിർമ്മാണ മേഖലകളിലെ കമ്പനികൾക്ക് ചെലവുകുറക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.