ഡബ്ലിൻ: ഡെറിയിലെ ഡൊനെഗലിൽ കാർ കടലിൽ മുങ്ങിത്താണു. ഫെറിയിലേക്ക് കയറ്റുന്ന പിയറിലൂടെ കാർ ഡ്രൈവ് ചെയ്തതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ചംഗ കുടുംബം കടലിൽ മുങ്ങിത്താഴുകയായിരുന്നു. ദുരന്തത്തിൽ നിന്നും രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ. കുടുംബത്തിലെ മൂന്ന് മുതിർന്നവരും രണ്ട് കുട്ടികളുമാണ് മുങ്ങിപ്പോയിരിക്കുന്നത്. അപകടത്തിൽപ്പെടുന്നതിനിടെ കുട്ടികളുടെ പരിഭ്രമത്തോടെയുള്ള കരച്ചിൽ ഉയർന്ന് കേൾക്കാമായിരുന്നു. തുടർന്ന് ഡ്രൈവർ ആവശ്യപ്പെട്ടതിനെ തുടർന്ന് അവിടെയുള്ള ഒരാൾ കോസ്റ്റ് ഗാർഡിനെ വിളിച്ച് വരുത്തുകയും അവർ രക്ഷാപ്രവർത്തനത്തിനായി കടലിൽ മുങ്ങിത്തപ്പുകയുമായിരുന്നു. ഇതിന് മുമ്പ് അവിടെയുണ്ടായിരുന്ന മറ്റൊരാൾ കടലിൽ നിന്നും രണ്ടു മാസം പ്രായമുള്ള കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.കുടുംബത്തിലെ മറ്റുള്ളവരെല്ലാം കടലിൽ മുങ്ങിമരിച്ചുവെന്നാണ് വിശ്വസിക്കുന്നത്.

അപകടത്തെ തുടർന്ന് കാറിലേക്ക് വെള്ളം ഇരച്ചു കയറുന്നതിനിടെ കാറോടിച്ചിരുന്നയാൾ വിൻഡോ വഴി രക്ഷിക്കാൻ വേണ്ടി ഉച്ചത്തിൽ കരഞ്ഞിരുന്നു. ഇയാളുടെ രണ്ട് ചെറിയ കുട്ടികൾ പുറകിലെ സീറ്റിലിരുന്ന് ദയനീയമായി കരയുന്നത് കേൾക്കാമായിരുന്നു.കോ.ഡോനെഗലിലെ ബൻക്രാന പിയറിൽ ശനിയാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഡ്രൈവർക്ക് പുറമെ ഇയാളുടെ കൗമാരക്കാരനായ മകൻ, ഒരു സ്ത്രീ മറ്റ് രണ്ട് ചെറിയ കുട്ടികൾ എന്നിവർ അപകടത്തിൽ മുങ്ങിമരിച്ചുവെന്നാണ് വിശ്വസിക്കുന്നത്.കാഴ്ച കണ്ടയാൾ വെള്ളത്തിലേക്ക് ഊളിയിട്ട് രക്ഷാപ്രവർത്തനം നടത്തിയതിനെ തുടർന്നാണ് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചതെന്ന് റിപ്പോർട്ടുണ്ട്.

ഇവിടെയുള്ള ഫെറി സർവീസ് നിലവിൽ പ്രവർത്തിക്കുന്നില്ല.എന്നാൽ സ്ലിപ്പ് വേയ്ക്ക് സമീപത്തുള്ള പ്രദേശങ്ങൾ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. അപകടത്തിൽ പെട്ട് മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം രാത്രി കണ്ടെടുത്തിട്ടുണ്ട്. കാറിനുള്ളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് പ ുറത്തേക്ക് തെറിച്ചതിനാലാണ് രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് കുഞ്ഞ് ചികിത്സിയിലുള്ളത്.അപകടത്തിൽ പെട്ട വാഹനം വീണ്ടെടുക്കാൻ കനത്ത രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് രാത്രിയിലുടനീളം അരങ്ങേറിയിരുന്നത്.നിരവധി ആളുകൾ സംഭവസ്ഥലത്ത് രാത്രി വൈകുവോളം തടിച്ച് കൂടിയിരുന്നു.കോസ്റ്റ് ഗാർഡിനൊപ്പം റെസ്‌ക്യൂ 118ഹെലികോപ്റ്റർ, ആൻഎൻഎൽഐ ലൈഫ് ബോട്ടുകൾ,മീൻപിടിത്ത ബോട്ടുകൾ തുടങ്ങിയവ രക്ഷാപ്രവർത്തനത്തിന് സജീവമായി രംഗത്തുണ്ടായിരുന്നു.