ന്യൂഡൽഹി: മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന സമ്പ്രദായത്തിന് ഇന്ത്യയിൽ അവസാനമാകുമോ? ഇന്ത്യൻ മുസ്ലിം സ്ത്രീകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്നു എന്ന ആരോപണം ഉയർന്ന മുത്തലാഖ് കേസിൽ ഇന്ന് മുതൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കാൻ ഒരുങ്ങുകയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിൻടൻ നരിമാൻ, യു.യു.ലളിത്, അബ്ദുൽ നസീർ എന്നിവരാണു മറ്റ് അംഗങ്ങൾ. അഞ്ച് പേരും അഞ്ച് വ്യത്യസ്ത മതവിശ്വാസികളാണെന്ന പ്രത്യേകതയുമുണ്ട്.

സുപ്രീം കോടതിക്ക് അവധിയാണെങ്കിലും നേരത്തേ തീരുമാനിച്ചതനുസരിച്ചാണു മുത്തലാഖ് കേസിൽ വാദം കേൾക്കുന്നത്. മുൻകേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിനെ ഈ കേസിൽ ജസ്റ്റിസുമാരെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. ഒറ്റയിരുപ്പിൽ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന രീതി നിയമപരമായി സാധുവാണോ എന്നതാണു പ്രമുഖ തർക്കവിഷയം.

മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ അഖിലേന്ത്യാ മുസ്ലിം വ്യക്തിഗത നിയമ ബോർഡ് എതിർക്കുന്നു.

മുത്തലാഖ് സമ്പ്രദായം നിയമത്തിന്റെ കണ്ണിൽ മോശമായ കാര്യമാണെന്ന് അലഹാബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. വിവാഹം ഉടമ്പടിയാണ്. ഭർത്താവിന് ഏകപക്ഷീയമായി അവസാനിപ്പിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മുത്തലാഖ് നിലനിൽക്കുന്നതല്ലെന്നും അത് തെറ്റായ കാര്യമാണെന്നും കോടതി പറഞ്ഞു. ഭാര്യ ഫയൽ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി പറഞ്ഞത്.

മുത്തലാഖ് വിഷയം ഒരിക്കലും രാഷ്ട്രീയ കാഴ്ചപാടോടെ കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിൽ ബസവ കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദഹേം മുത്തലാഖിനെ കുറിച്ച് സംസാരിച്ചത്. 18 മാസംകൊണ്ട് അവസാനമുണ്ടാകുമെന്നും മുത്തലാഖ് വിഷയത്തിൽ സർക്കാർ ഇടപ്പെടേണ്ടെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് നേരത്തെ പറഞ്ഞിരുന്നു.