ഷാർജ: പെരുന്നാളിന്റെ ആദ്യ ദിനത്തിൽ റാസൽ ഖൈമയിലും ഷാർജയിലും ഉണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ചു മരണം. 14 പേർക്ക് പരിക്ക്. രണ്ടു കുട്ടികളുൾപ്പെടെ നാലു പേരാണ് റാസൽ ഖൈമയിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഈ അപകടത്തിൽ ഏഴു പേർക്ക് പരിക്കു പറ്റുകയും ചെയ്തു. ഷാർജയിലുണ്ടായ അപകടത്തിൽ ഒരു ഇറാനിയൻ ഡ്രൈവർ കൊല്ലപ്പെടുകയായിരുന്നു.

റാസൽഖൈമയിലെ മസാഫി റോഡിലുണ്ടായ അപകടത്തിലാണ് നാലു പേർ മരിച്ചത്. ഇരുപത്തഞ്ചുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാറിന്റെ നിയന്ത്രണം വിട്ടതോടെ വാഹനം മലക്കം മറിയുകയായിരുന്നു. ഡ്രൈവറെ കൂടാതെ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളും 38 വയസുള്ള യുവതിയുമാണ് മരിച്ചത്. പരിക്കേറ്റ ഏഴുപേരുടെ നില ഗുരുതരമല്ല.

-ഷാർജയിലെ മൈഹ റോഡിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഈ അപകടത്തിൽ ഇറാനിയൻ യുവാവ് കൊല്ലപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.