ഫിലാഡൽഫിയ: ഫിലാഡൽഫിയയിൽ ആംട്രക്ക് ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിക്കുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിങ്ടൺ ഡിസിയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് പോകുകയായിരുന്ന ട്രെയിൻ 188 ആണ് ഫിലാഡൽഫിയയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി പാളം തെറ്റിയത്. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്. ഫിലാഡൽഫിയയിലെ പ്രധാന സ്റ്റേഷൻ വിട്ട ശേഷം പ്രാന്തപ്രദേശത്തു വച്ചാണ് ട്രെയിൻ പാളം തെറ്റുന്നത്.

240 യാത്രക്കാരുണ്ടായിരുന്ന ട്രെയിൻ ഒരു വളവ് തിരിയവേയാണ് പാളം തെറ്റുന്നത്. പാളം തെറ്റലിന്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം  അപകടത്തിൽ പെട്ട ട്രെയിനിൽ താനും സഞ്ചരിച്ചിരുന്നതായി മുൻ കോൺഗ്രസ്മാനായ പാട്രിക് മർഫി ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടവരെ അഗ്നിശമനാസേന രക്ഷിക്കുന്നതിന്റെ ഫോട്ടോകൾ മർഫി ട്വിറ്ററിൽ പോസ്റ്റു ചെയ്തിരുന്നു.

ട്രെയിനിന്റെ മുന്നിലുള്ള 10 കാര്യേജ് ആണ് പൂർണമായും മറിഞ്ഞത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് വ്യക്തമാക്കി. രാത്രി ഒമ്പതിനാണ് അപകടം നടക്കുന്നത്. അപകടത്തെ തുടർന്ന് ന്യൂയോർക്ക് സിറ്റിക്കും ഫിലാഡൽഫിയയ്ക്കും മധ്യേയുള്ള ആംട്രക്ക് സർവീസ് നിർത്തിവച്ചിരിക്കുകയാണ്.

അപകടത്തെ തുടർന്ന് എൻജിൻ മറ്റ് ബോഗികളിൽ നിന്നും പൂർണമായും വേർപെട്ട നിലയിലാണ്. കൂടാതെ മറ്റൊരു ബോഗി ലംബമായി ഉയർന്നിരിക്കുന്നത് അവിശ്വസനീയമായ കാഴ്ചയാണെന്നും അപകടസ്ഥലം സന്ദർശിച്ച് മേയർ മൈക്കിൾ നട്ടർ പറയുന്നു.