ദുബായ്: 2016-ൽ  യുഎഇയിൽ അഞ്ചു ശതമാനം ശമ്പള വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ട്. എണ്ണ വില ഇടിയുന്നതിന് ശമ്പള വർദ്ധനവിനെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എയോൺ ഹെവിറ്റ് നടത്തിയ ശമ്പള സർവ്വേയിൽ ജിസിസി രാജ്യങ്ങളിലെ 600ഓളം മൾട്ടി നാഷണൽ കമ്പനികൾ അവരുടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

യുഎഇയിൽ 5 ശതമാനം വർദ്ധനയെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. മുൻപ് പ്രഖ്യാപിച്ചിരുന്നതിനേക്കാൾ കൂടുതലാണിത്. ഇതിന് പുറമെ ഈ വർഷത്തെ വർദ്ധനവിനേക്കാൾ അധികമാണ് അടുത്ത വർഷം ഉണ്ടാകുക.
2013ൽ സർവേ പ്രകാരം പ്രവചിച്ച ശമ്പള വർദ്ധനവ് 6 ശതമാനമായിരുന്നു. എന്നാൽ 5 ശതമാനം വർദ്ധനവാണ് അന്നുണ്ടായത്. 2014ൽ ഇത് 5.1 ശതമാനവും ആയിരുന്നു. ഈ സാഹചര്യത്തിൽ 2015ൽ 4.8 ശതമാനമായിരിക്കും വർദ്ധനയെന്നായിരുന്നു മുൻപ് പ്രവചിച്ചിരുന്നത്. ഗവൺമെന്റ് സബ്‌സിഡിയും ഇൻഫ്രാസ്ട്രക്ചർ സ്‌പെൻഡിംഗും വെട്ടിക്കുറച്ച സാഹചര്യത്തിലാണ് ഈ വർദ്ധന ഉണ്ടാകുന്നത്. കമ്പനികളുടെ പ്രവർത്തന ചെലവ് ഇതോടെ വർദ്ധിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക.

ശമ്പളവർദ്ധനവിൽ ജിസിസി രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനം കുവൈത്തിനാണ്. ഇവിടെ 5.2ശതമാനം വർദ്ധനയ്ക്കാണ് സാധ്യത. സൗദിയാണ് രണ്ടാമത് , ഇവിടെ 5.1ശതമാനമാണ് വർദ്ധന. യുഎഇ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ വർദ്ധന അഞ്ച് ശതമാനമായിരിക്കും. ബഹ്‌റിനിലെ തൊഴിലാളികൾക്കാണ് ഏറ്റവും കുറഞ്ഞ ശമ്പള വർദ്ധന ഉണ്ടാവുക. ഇത് 4.7 ശതമാനമാണ്.

അടുത്തിടെ യുഎഇ ഓയിൽ സബ്‌സിഡികൾ എടുത്തുകളഞ്ഞിരുന്നു. ഇത് വില വർദ്ധനവിന് കാരണമായി. എണ്ണ വില ഇടിയുന്നത് സർക്കാരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇതുകൂടാതെ ഉപഭോക്തൃ വസ്തുക്കളിലും സേവനങ്ങളിലും മൂല്യ വർദ്ധിത നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.